Latest News

കഥകളുടെ ഇതള്‍ വിരിയിച്ച് കഥാപ്രസംഗ മഹോല്‍സവം

തളിപ്പറമ്പ്:[www.malabarflash.com] എന്നും രാഷ്ട്രീയത്തിന്റെ പോര്‍വിളികള്‍ ഉയരുന്ന ടൗണ്‍സ്‌ക്വയറില്‍ കഥാപ്രസംഗത്തിന്റെ കേളികൊട്ട് ഉയര്‍ന്നപ്പോള്‍ നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും അതൊരു കൗതുകമായി.

ഇമ്പമേറിയ ഗാനങ്ങളുടെ അകമ്പടിയോടെ ചടുലവും വികാരസാന്ദ്രവുമായ കഥകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി നഗരമധ്യത്തില്‍ അവതരിപ്പിച്ചപ്പോള്‍ തബലയുടെയും ഹാര്‍മോണിയത്തിന്റെയും ശ്രുതിലയങ്ങള്‍ക്കൊപ്പം അവ നുകരാന്‍ യാത്രയുടെ തിരക്കുകള്‍ക്കിടയിലും ഒട്ടേറെപ്പേര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ടൗണ്‍ സ്‌ക്വയറിലെത്തി.

കഥാപ്രസംഗ കലാ സംഘടനയായ കഥാപ്രസംഗ പരിപോഷണ വേദിയുടെ നേതൃത്വത്തിലാണ് ഇന്ന് സമൂഹത്തില്‍ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന കഥാപ്രസംഗത്തിന്റെ തിരിച്ച് വരവിനായി സാംബശിവന്‍ സ്മാരക കഥാപ്രസംഗ മഹോല്‍സവം ഒരുക്കിയത്. 

പണ്ഡിറ്റ് വാമനന്‍ സ്മാരക കഥാപ്രസംഗ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളായ മോഹന്‍ദാസ് പാറാല്‍, പൂജ സതീശന്‍, ലിന്‍ഷ പാപ്പിനിശേരി, ആവണി അശോകന്‍, അജന്യ മോഹന്‍, ശ്രുതി ശശീന്ദ്രന്‍, ആര്‍. ആദര്‍ശ്, കൃഷ്‌ണേന്ദു, സി.കെ. ദേവിക, അഞ്ജിമ മോഹന്‍, കെ. നിഷ എന്നിവരാണ് കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചത്.

സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള കഥകളും പുരാണകഥകളും ഇതള്‍ വിരിഞ്ഞപ്പോള്‍ പെരുമണ്ണിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ റോഡ് ദുരന്തകഥ കഥാപ്രസംഗമായി അവതരിപ്പിച്ച് ഗതാഗത നിയമ ലംഘനങ്ങളുടെ അപകടത്തെ കുറിച്ച് പറഞ്ഞ അഞ്ജിമ മോഹന്‍ ശ്രദ്ധേയയായി. 

ആറ് വയസുകാരിയായ ലിന്‍ഷയും ബക്കളത്തെ ഓട്ടോ െ്രെഡവറായ നിഷയും കഥാപ്രസംഗ വേദിയില്‍ എത്തിയിരുന്നു. വടകര വി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രേമാനന്ദ ചമ്പാട് അധ്യക്ഷത വഹിച്ചു. എം.കെ. വാണി, പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കഥന പര്‍വത്തില്‍ പ്രമുഖ കാഥികര്‍ കഥകള്‍ അവതരിപ്പിച്ചു. സാംസ്‌ക്കാരിക സമ്മേളനം നഗരസഭാ അധ്യക്ഷന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. കെ. അഫ്‌സത്ത് അധ്യക്ഷത വഹിച്ചു. എസ്.പി. രമേശന്‍ സമ്മാനദാനം നടത്തി. തുടര്‍ന്ന് പുളിമാത്ത് ശ്രീകുമാര്‍ കൊല്ലം കഥാപ്രസംഗം അവതരിപ്പിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.