Latest News

പിതാവിനൊപ്പം കാണാതായ മകന്‍ മരിച്ച നിലയില്‍

ആലക്കോട്:[www.malabarflash.com] പിതാവിനൊപ്പം കാണാതായ പത്തുവയസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജോസ്ഗിരിയിലെ പുതിയേടത്ത് ഷാജി (47)യുടെ മകന്‍ ജോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഷാജിയെയും മകനെയും കാണാതായത്. കുട്ടിയെയും കൂട്ടി രാത്രി വീടിന് പുറത്തേക്ക് പോയ ഷാജിയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. അതിനിടയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. 

കോഴിച്ചാല്‍ കട്ടപ്പള്ളിയിലെ തോടിന് സമീപത്തെ മുളുങ്കൂട്ടത്തിന് ഉള്ളിലായിരുന്നു മൃതദേഹം. സമീപം ഫ്രൂട്ടി ശീതളപാനീയത്തിന്റെ ഒഴിഞ്ഞ പാക്കറ്റും കാണപ്പെട്ടു. ജോബിന്റെ തലയില്‍ മുറിവും കാണപ്പെട്ടു. ഉറുമ്പരിച്ചുതുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ജോബിന്റെ മൃതദേഹം കാണപ്പെട്ട പ്രദേശത്തും പരിസരത്തും ഷാജിക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. ഷാജിയും ജീവനൊടുക്കിയോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 

കാനംവയല്‍ സ്വദേശി ആന്‍സിയാണ് ഷാജിയുടെ ഭാര്യ. ജോബിന്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്. രണ്ട് പെണ്‍മക്കള്‍ കോഴിക്കോട് കോണ്‍വെന്റില്‍ താമസിച്ചാണ് പഠിക്കുന്നത്. കൂലിപ്പണിക്കാരനായ ഷാജി ഭാര്യയ്ക്കും മകനുമൊപ്പം ജോസ്ഗിരി ടൗണ്‍ സമീപത്തെ വീട്ടിലാണ് താമസം. മകനുമായി ഇയാള്‍ അപ്രത്യക്ഷനാകാന്‍ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

ജോസ്ഗിരി സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോബിന്‍. പെരിങ്ങോം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.