ബദിയടുക്ക:[www.malabarflash.com] ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ അമ്പാര്‍ കമ്മ്യൂണിക്കേഷന്‍സ് മൊബൈല്‍ കടയില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ പിടിയിലായത് പത്തിലേറെ മോഷണ-പിടിച്ചുപറിക്കേസുകളിലെ പ്രതി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
നെക്രാജെ ചെന്നടുക്കയിലെ മുഹമ്മദ് സുഹൈല്‍ എന്ന സുഹൈല്‍ സുബൈറി(27)നെയാണ് ഞായറാഴ്ച നെല്ലിക്കട്ടയില്‍ വെച്ച് ബദിയടുക്ക എസ്.ഐ. എ. ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്.
കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക, ബേക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി പത്തിലേറെ കേസുകള്‍ സുഹൈലിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 2010ല്‍ ബദിയടുക്കക്ക് സമീപം പെര്‍മുഗയില്‍ വീട് കുത്തിത്തുറന്ന് 9 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലും 2011ല്‍ പെര്‍ളയിലെ നവ്യാജ്വല്ലറിയില്‍ നിന്ന് ഒരു കിലോ വെള്ളിയാഭരണവും രണ്ട് സ്വര്‍ണവളകളും കവര്‍ന്ന കേസിലും 2012ല്‍ നെല്ലിക്കട്ടയിലെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണവും വിലകൂടിയ വാച്ചും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ഇതേ വര്‍ഷം ബാലടുക്കയിലെ വീടിന്റെ പൂട്ട് പൊളിച്ച് ട്രോഫികള്‍ കവര്‍ന്ന കേസിലും സുഹൈല്‍ പ്രതിയാണ്.
2012ല്‍ പള്ളത്തടുക്കയില്‍ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല തട്ടിപ്പറിച്ചതിനും സുഹൈലിനെതിരെ കേസുണ്ട്. ഇതേ വര്‍ഷം ഉളിയത്തടുക്കയില്‍ കാല്‍നട യാത്രക്കാരിയുടെയും 2013ല്‍ ചെങ്കളയില്‍ മറ്റൊരു സ്ത്രീയുടെയും 2014ല്‍ ഇരിയണ്ണിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെയും കഴുത്തില്‍ നിന്ന് സ്വര്‍ണ മാല തട്ടിപ്പറിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലെ പ്രതിയാണ് സുഹൈല്‍. ബദിയടുക്കയിലെ മൊബൈല്‍ കടയില്‍ നിന്ന് മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍, 5200 രൂപ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കടയുടെ പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിപ്പാര സുഹൈലിന്റെ വീടിന് സമീപം വെച്ച് കണ്ടെത്തി.
മോഷണക്കേസില്‍ ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലെ ഒരാളെയും കര്‍ണ്ണാടക സ്വദേശിയായ യുവാവിനെയും അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. എ.എസ്.ഐ.മാരായ ഗോപാലകൃഷ്ണന്‍, തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിലിപ് തോമസ്, ശ്രീരാജ്, മനോജ്, രാജേഷ് കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment