Latest News

ദാസപ്പന് ചിതയൊരുക്കി കല്ലൂരാവിയിലെ യുവാക്കള്‍ മാതൃകയായി

കാഞ്ഞങ്ങാട്:[www.malabarflash.com] ഭാര്യക്കും മകനും വേണ്ടാത്ത 'അനാഥ' വൃദ്ധന്റെ മൃതദേഹം മതാചാര പ്രകാരം ചിതയൊരുക്കി കല്ലൂരാവിയിലെ യുവാക്കള്‍ വിശ്വമാനവിക ഹൃദയത്തിനുടമകളായി.
നീണ്ടുമെലിഞ്ഞ ദാസപ്പന്‍ എന്ന തലശ്ശേരിക്കാരന്‍ എട്ടുവര്‍ഷം മുമ്പാണ് യാദൃശ്ചികമായി കല്ലൂരാവിയില്‍ എത്തുന്നത്. അന്നുതൊട്ട് ദാസപ്പന്‍ കല്ലൂരാവിക്ക് സ്വന്തം. പ്രദേശത്തെ ചെറുപ്പക്കാരുടെ മനസ്സ് സൗമ്യമായ പെരുമാറ്റത്തിലൂടെ എളുപ്പത്തില്‍ കീഴടക്കിയ ദാസപ്പന്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും അവര്‍ക്ക് വഴികാട്ടിയായി.

കല്ലൂരാവിയിലെ കടത്തിണ്ണകളിലും മുസ്‌ലിം യൂത്ത് ലീഗ് ശാഖാ കമ്മിറ്റി ഓഫീസിലുമായിരുന്നു ദാസപ്പന്റെ പൊറുതി. ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ചെറുപ്പക്കാര്‍ സദാസന്നദ്ധര്‍. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്ന ഇവരുടെ സുഹൃത്തുക്കളും ദാസപ്പനെ കൈയ്യയച്ച് സഹായിക്കുമായിരുന്നു. 

രണ്ട് വര്‍ഷം മുമ്പ് കടുത്ത അസുഖം ബാധിച്ച് ദാസപ്പനെ ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയതും ഈ ചെറുപ്പക്കാര്‍ തന്നെ. ദാസപ്പനെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചിരുന്നു. അനാഥരുടെ വിഭാഗത്തില്‍ ചികിത്സിക്കണമെങ്കില്‍ പോലീസിന്റെ അനുമതി പത്രം വേണമെന്ന് ഡോക്ടര്‍മാര്‍ ശാഠ്യം പിടിച്ചു. 

ദാസപ്പന്റെ ഭാര്യയും മകനും മാവുങ്കാലിലാണ് താമസം. സഹോദരി കാഞ്ഞങ്ങാട് സൗത്തിലും താമസിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് വീണ്ടും അസുഖ ബാധിതനായി ദാസപ്പന്‍ ജില്ലാ ആശുപത്രിയിലെത്തി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദാസപ്പന്‍ മരണത്തിന് കീഴടങ്ങി.
മരണവിവരം മകനെയും മറ്റു ഉറ്റവരെയും അറിയിച്ചിരുന്നുവെങ്കിലും ദാസപ്പന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കുകാണാന്‍ ഭാര്യയും മകനും എത്തിയില്ല. സഹോദരി ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം കണ്ടുമടങ്ങി. 

എല്ലാവരുമുണ്ടായിട്ടും അനാഥനായി അജ്ഞാത മൃതദേഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ദാസപ്പന്റെ മൃതദേഹം ഒടുവില്‍ വൈകിട്ടോടെ കല്ലൂരാവിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു.
പുതിയകോട്ട നഗരസഭാ പൊതുശ്മശാനത്തില്‍ ഹിന്ദു ആചാര പ്രകാരം തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. മതാചാരം അനുസരിച്ചുള്ള ശവസംസ്‌കാര ചടങ്ങുകള്‍ പലരോടും ചോദിച്ച് മനസ്സിലാക്കിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ദാസപ്പന്റെ മൃതദേഹം സംസ്‌കരിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.