Latest News

കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ധം ചെലുത്തും: ബി.എസ്.യെദിയൂരപ്പ

കാഞ്ഞങ്ങാട്:[www.malabarflash.com]  സര്‍വ്വേ പൂര്‍ത്തിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പ്പാത അടുത്ത റെയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ എംപി ഉറപ്പ് നല്‍കി. കാഞ്ഞങ്ങാട് - കാണിയൂര്‍ പാത റെയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തനിക്ക് ഉറപ്പ് നല്‍കിയതായി ഒപ്പമുണ്ടായിരുന്ന ഉഡുപ്പി ലോക്സഭാ അംഗം ശോഭാ കറന്തലാജെയും അറിയിച്ചു.

ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതി ചൊവ്വാഴ്ച കാസര്‍കോട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇരുവരുടെയും ഉറപ്പ് ലഭിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരന്‍, കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ സി.യൂസഫ്ഹാജി, ടി.മുഹമ്മദ് അസ്ലം, സൂര്യനാരായണഭട്ട്, സി.എ.പീറ്റര്‍ എന്നിവരാണ് കര്‍ണ്ണാടക എംപിമാരായ യെദിയൂരപ്പയ്ക്ക്ും ശോഭ കറന്തലാജെയ്ക്കും നിവേദനം നല്‍കിയത്. കാണിയൂര്‍പാതയുടെ സര്‍വ്വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് കഴിഞ്ഞ മാസം സമര്‍പ്പിച്ചിട്ടുണ്ട്.

പാത യാഥാര്‍ത്ഥ്യമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍വ്വഹണത്തിന്‍റെ പകുതി വിഹിതം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന് രേഖാമൂലം അറിയിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനും ജില്ലയിലെ എംഎല്‍എയമാരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി നേരത്തെ നിവേദനം നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും ബംഗ്ളൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയുന്ന കാഞ്ഞങ്ങാട് - കാണിയൂര്‍ പാത വടക്കന്‍ കേരളത്തിന്‍റെയും തെക്കന്‍ കര്‍ണ്ണാടകയുടെയും സ്വപ്ന പദ്ധതിയാണ്.

കേരളം, കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന സംസ്ഥാന ഹൈവേകളെ ബന്ധിപ്പിച്ചുള്ള നിര്‍ദ്ദിഷ്ട കന്യാകുമാരി മുംബൈ മലയോര ഹൈവേയ്ക്കുള്ള സര്‍വ്വേ ആരംഭിക്കണമെന്നുള്ള മറ്റൊരു നിവേദനവും ബി.എസ്.യെദിയൂരപ്പയ്ക്കും ശോഭ കറന്തലാജയെക്കും വികസന കര്‍മ്മസമിതി നല്‍കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.