Latest News

കരിപ്പൂരില്‍ 28 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി:[www.malabarflash.com] കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.30 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശേരി കെഞ്ഞംങ്ങാട്ട് ഷഫീഖ് കെ.അബ്ദുളളയെ (32) കസ്റ്റംസ് അറസ്റ്റ് ചെയ്തു.

എയര്‍ ഇന്ത്യയുടെ എഐ 998 ഷാര്‍ജ കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. നേരത്തേ സൂചന ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് വിഭാഗം ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ ഗേറ്റില്‍ തടയുകയും ബാഗേജ് തുറന്നു പരിശോധിക്കുകയുമായിരുന്നു. മൈക്രോവേവ് ഓവനകത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ 23 സ്വര്‍ണ ഷീറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. 56.52ഗ്രാം വിതം തൂക്കമുളളവയായിരുന്നു ഷീറ്റുകള്‍ .ഇവക്ക് അന്താരാഷ്ട്രവിപണിയില്‍ 26,19,792 രൂപയും ഇന്ത്യന്‍ വിപണിയില്‍ 28,92,800 രൂപയും വില വരും.

2014ല്‍ ഷാര്‍ജയില്‍ വീട്ടുജോലിക്കായി കോഴിക്കോടു വഴി പോയ ഇയാളെ സ്വര്‍ണക്കടത്തിനായി കളളക്കടത്തു മാഫിയ വാടകയ്ക്ക് എടുക്കുകയായിരുന്നു. 20,000 രൂപയും വിമാന ടിക്കറ്റുമാണ് നല്‍കാമെന്ന് പറഞ്ഞിരുന്നത്.

കസ്റ്റംസ് ഡെപ്യൂട്ടി.കമ്മീഷണര്‍ എസ്.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ അസി.കമ്മീഷണര്‍മാരായ സി.പി.എം അബ്ദുള്‍ റഷീദ്, ഡി.എന്‍.പന്ത്, സൂപ്രണ്ടുമാരായ പി.വി.രാമകൃഷ്ണന്‍, കെ.വി.മാത്യു, സോജന്‍ ജോസഫ്,ഇന്റലിജന്‍സ് ഓഫീസര്‍മാരായ അശോക് കുമാര്‍, അഭിജിത്ത് സിംഗ്, എന്നിവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.