Latest News

ദലിതനെന്നതിന്റെ പേരില്‍ സ്ഥാനക്കയറ്റമില്ല; ഐഎഎസ് ഓഫീസര്‍ ഇസ്‌ലാം മതം സ്വീകരിച്ചു

ജയ്പൂര്‍:[www.malabarflash.com] ദലിതനാണെന്നതിന്റെ പേരില്‍ സ്ഥാനക്കയറ്റം തടഞ്ഞുവെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കലിന് അനുമതി തേടി മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് കത്തുനല്‍കി. 1978 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ ഉമറാവു സലോദിയയാണ് ജാതിയുടെ പേരില്‍ തിരിച്ചുവ്യത്യാസം കാട്ടിയെന്ന് ആരോപിച്ച് സ്വയം വിരമിക്കലിന് കത്തു നല്‍കിയത്.

ജാതിയുടെ പേരില്‍ തന്നെ ഇരയാക്കുന്ന നയമാണ് രാജെ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്നും സലോദിയ ആരോപിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തി ഉമറാവു ഖാന്‍ എന്ന പേരു സ്വീകരിച്ചു.

നിലവില്‍, രാജസ്ഥാന്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (ആര്‍എസ്ആര്‍ടിസി) ചെയര്‍മാനാണ് സലോദിയ. സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കില്‍ രാജസ്ഥാനില്‍ ചീഫ് സെക്രട്ടറിയാകേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

സീനിയോറിറ്റി പരിഗണിച്ചാല്‍ ഇന്ന് രാജസ്ഥാന്റെ ചീഫ് സെക്രട്ടറിയാകേണ്ടിയിരുന്ന ആളാണു താനെന്നു മുഖ്യമന്ത്രി വസുന്ധര രാജെയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ സലോദിയ എഴുതി. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഈ സ്ഥാനത്തെത്തുന്ന ദലിത് വിഭാഗത്തില്‍നിന്നുള്ള ആദ്യ ഉദ്യോഗസ്ഥനായി താന്‍ മാറിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദലിതര്‍ക്കെതിരായ രാജെ സര്‍ക്കാരിന്റെ വേര്‍തിരിവുകള്‍ക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ രാജസ്ഥാനിലെ ചീഫ് സെക്രട്ടറിയായ സി.എസ്.രാജന് മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കിയത് താന്‍ ചീഫ് സെക്രട്ടറിയാകുന്നതിന് തടയുന്നതിനാണെന്നും കത്തില്‍ സലോദിയ ആരോപിക്കുന്നു. മാര്‍ച്ച് വരെ രാജന് കാലാവധി നീട്ടിനല്‍കിയതോടെ ചീഫ് സെക്രട്ടറിയാകുന്നതിനുള്ള അവസരം സലോദിയയ്ക്കു നഷ്ടമാകും. ഒരു ജൂനിയര്‍ ഓഫിസര്‍ക്കു കീഴില്‍ ജോലി ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സ്വയം വിരമിക്കലിന് അവസരം നല്‍കണമെന്ന് സലോദിയ കത്തില്‍ ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച തന്നെ അദ്ദേഹം ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. ഹിന്ദുമതം ജാതിയുടെ അടിസ്ഥാനത്തില്‍ കാണിക്കുന്ന വേര്‍തിരിവുകള്‍ ഒരിക്കലും ബാധിച്ചിട്ടില്ലാത്ത ഇസ്‌ലാമില്‍ താന്‍ എന്നും വിശ്വസിക്കുന്നുവെന്നും പിന്നീടു മാധ്യമങ്ങളെ കണ്ട സലോദിയ വ്യക്തമാക്കി. അദ്ദേഹം തന്റെ പേരും ഉമറാവു ഖാന്‍ എന്നാക്കിയിട്ടുണ്ട്.

എന്നാല്‍, സലോദിയയുടെ വാദഗതികള്‍ തെറ്റാണെന്ന് രാജസ്ഥാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി രാജേന്ദ്ര റാത്തോര്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ സംസാരിച്ചതിനു സലോദിയയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.