Latest News

ഒരുകോടിയുടെ രത്‌നങ്ങളുമായി മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു:[www.malabarflash.com] 1.15 കോടി രൂപ വിലമതിക്കുന്ന രത്‌നങ്ങളുമായി നാലു മലയാളികളെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റുചെയ്തു.

എറണാകുളം സ്വദേശി കെ.വി.ഷനോജ്, കണ്ണൂര്‍സ്വദേശികളായ വിജയ്, ഷണ്മുഖന്‍, കോഴിക്കോട് സ്വദേശി കൃഷ്ണാചാരി എന്നിവരെയാണ് കര്‍ണാടക പോലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ വില്‍ക്കുന്നതിനായി തൃശ്ശൂരില്‍നിന്നാണ് രത്‌നങ്ങള്‍ കൊണ്ടുവന്നത്. കൂടുതല്‍ അന്വേഷണത്തിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂരിലേക്കു തിരിച്ചിട്ടുണ്ട്.

പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ബ്രിഗേഡ് റോഡിലുള്ള പഞ്ചനക്ഷത്രഹോട്ടലില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി സംഘം ഇവിടെ താമസിച്ചുവരികയായിരുന്നു. നഗരത്തിലെ ചില വ്യാപാരികളുമായി ഇവര്‍ ബന്ധപ്പെട്ടെങ്കിലും രത്‌നങ്ങളുടെ വില്‍പ്പന നടന്നില്ല.

സംഘത്തിലെ ഷനോജിന്റെ അമ്മാവനായ തൃശ്ശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയുടേതാണ് രത്‌നമെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അജ്ഞാതരായ ചിലരാണ് അമ്മാവന് രത്‌നം നല്‍കിയതെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവ വില്‍ക്കാന്‍ ബെംഗളൂരുവിലെത്തിയതെന്നും ഷനോജ് പോലീസിനോട് വെളിപ്പെടുത്തി.

എന്നാല്‍, ഇവര്‍ നിയമവിരുദ്ധരത്‌നവ്യാപാരശൃംഖലയിലെ കണ്ണികളാണോയെന്ന് സംശയമുണ്ടെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.