Latest News

കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ ഈമാസം, വാണിജ്യാടിസ്ഥാനത്തില്‍ സെപ്തംമ്പറില്‍

കണ്ണൂര്‍:[www.malabarflash.com] സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം വികസന മേഖലയില്‍ കുതിച്ചുചാട്ടം നടത്താനായെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെസി ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒപ്പം എന്ന പേരില്‍ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളം ഉത്തര മലബാറിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ഈമാസം പരീക്ഷണ പറക്കലും സെപ്തംമ്പറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പറക്കലും നടത്തും. 4000 മീറ്റര്‍ റണ്‍വേക്കാവാശ്യമായ നടപടി ഘട്ടംഘട്ടമായി കൈക്കൊള്ളും. വിമാനത്താവള ഏപ്രണ്‍ 85 ശതമാനവും ടെര്‍മിനല്‍ 65 ശതമാനവും പൂര്‍ത്തിയായി. ചൊവ്വ- മട്ടന്നൂര്‍ റോഡ് വീതി കൂട്ടിയാലും ഭാവി വികസനത്തിന് ഗ്രീന്‍ഫീല്‍ഡ് റോഡ് അനിവാര്യമാണ്.

അഴീക്കല്‍ തുറമുഖം പ്രധാന തുറമുഖമാക്കാന്‍ പ്രാരംഭഘട്ടമായി ബജറ്റില്‍ തുക വകയിരുത്തി. പരിയാരം മെഡിക്കല്‍ കോളേജ് ഈ സര്‍ക്കാര്‍ കാലത്തുതന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറും. അതിവേഗ റെയില്‍പാതയുടെ പഠന വിശദാംശങ്ങള്‍ ലഭിച്ചശേഷം തീരുമാനം വരും. കൊച്ചി മെട്രോ വിഴിഞ്ഞം തുറമുഖം എന്നീ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കാനായി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കി. പ്രകൃതി സൗഹൃദ വികസനമാണ് ഉദ്ദേശിക്കുന്നത്.

ഗ്രാമവികസന രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം വന്‍ മുന്നേറ്റമുണ്ടാക്കാനായതായി മന്ത്രി കെസി ജോസഫ് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 6510കോടി രൂപ ചെലവഴിച്ചു. മുടങ്ങിക്കിടന്ന 155 പിഎംജിഎസ്‌വൈ റോഡുകളുടെ പണി പുനരാരംഭിച്ചു. ഇന്ദിരാ ആവാസ് യോജനയില്‍ 2.5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. മലയോര വികസന ഏജന്‍സി (ഹാഡ) വഴി വിവിധ പദ്ധതികള്‍ക്കായി 131 കോടി രൂപ വിനിയോഗിച്ചു. കേരളത്തില്‍ ആദ്യമായി പ്രവാസി മലയാളികളുടെ സെന്‍സസ് എടുത്തു.

മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കാനായി. ശ്രീനാരായണ പഠനം പാഠ്യപദ്ധതിയില്‍ പെടുത്തി. പുതിയതായി അഞ്ച് ആര്‍ട്ട് ഗാലറികള്‍ ആരംഭിച്ചു. 1461 പേര്‍ക്ക് പുതുതായി കലാകാര പെന്‍ഷന്‍ അനുവദിച്ചു. കൊണ്ടോട്ടിയിലെ സ്മാരകത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയാക്കി.
പാലുല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത നേടി. ശ്രീകണ്ഠാപുരത്ത് 15 ഏക്കറില്‍ മില്‍മ മലയോര ഡയറി പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുന്നു. ക്ഷീര സംഘങ്ങളുടെ നവീകരണത്തിന് 49 കോടി വിനിയോഗിച്ചു. 26 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കി.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനായി. നിതാഖത്ത് പുനരധിവാസ പദ്ധതി നടപ്പിലാക്കി. നോര്‍ക്ക മന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയായ സാന്ത്വനത്തില്‍ നിന്നും 31.99 കോടി രൂപ അനുവദിച്ചു. 23.04 കോടിരൂപ ചെലവഴിച്ച് ടാഗോര്‍ തീയറ്റര്‍ നവീകരിച്ചു.

ഇരിക്കൂര്‍ മണ്ഡലത്തിലും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 32 കോടി, നബാര്‍ഡ് 15 കോടി, മരാമത്ത് പ്രവൃത്തി 180 കോടി, പിഎംജിഎസ് വൈ 37 കോടി, എംഎല്‍എ ഫണ്ട് 5കോടി, റോഡ് പുനരുദ്ധാരണം 5.85കോടി, എംഎല്‍എ ആസ്തിവികസനം 20 കോടി, രാജ്യസഭാ എംപി ഫണ്ട് 70ലക്ഷം, പട്ടികജാതി-വര്‍ഗ്ഗ പദ്ധതി 5.11 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 5.75കോടി, തൊഴിലുറപ്പ് പദ്ധതി 49.05 കോടി, ക്ഷീരവികസനം 40 കോടി എന്നിങ്ങനെ തുക ചെലവഴിച്ചതായി മന്ത്രി കെസി ജോസഫ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെടി ശശി മോഡറേറ്ററായിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.