Latest News

കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കലിന് മുമ്പെ പേര് വിവാദം പുകയുന്നു

കണ്ണൂര്‍:[www.malabarflash.com]കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കലിന് ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ വിമാനത്താവളത്തിന് ആരുടെ പേരിടുമെന്ന കാര്യത്തില്‍ വിവാദം പുകയുന്നു.

ബ്രിട്ടീഷുകാരോട് പോരാടിയ പഴശ്ശിരാജയുടെ നാടായതിനാല്‍ വിമാനത്താവളത്തിന് പഴശ്ശിരാജയുടെ പേരിടണമെന്നാണ് നാട്ടുകാരില്‍ ചിലരുടെ അഭിപ്രായം. എന്നാല്‍ വിമാനത്താവള നിര്‍മ്മാണത്തിന് ആദ്യനടപടികള്‍ ആരംഭിച്ച മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന കേരളത്തിന്‍റെ വികസന നായകന്‍ കെ കരുണാകരന്‍റെ പേരിടണമെന്നാണ് മറ്റൊരുവിഭാഗം പറയുന്നത്. ഇന്ത്യയിലെ ആദ്യ പൈലറ്റും ഏവിയേഷന്‍ രംഗത്തെ അതികായകനുമായ ടാറ്റയുടെ പേരിടണമെന്നാണ് ഒരുവിഭാഗത്തിന്‍റെ ആവശ്യം.

എന്നാല്‍ കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥവാ കിയാല്‍ എന്ന പേരാണ് ഏറ്റവും യോജിക്കുന്നതെന്നാണ് അധികൃതരുടെ പക്ഷം. ഇത് അന്താരാഷ്ട്ര തലത്തില്‍ കണ്ണൂര്‍ ജില്ലക്കും കേരളത്തിനും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. രേഖകളില്‍ കിയാല്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതിനാല്‍ ഇനിയൊരു പേര് മാറ്റമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും റോഡുകള്‍ക്ക് പേരിടുന്നത് പോലെ വിമാനത്താവളത്തിന് പേരിടാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഏതെങ്കിലും പേരിടുമോ എന്നാണ് ഇനി കാണേണ്ടത്. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായ പഴശ്ശിരാജയുടെ പേര് വിമാനത്താവളത്തിന് നല്‍കാന്‍ അണിയറയില്‍ നീക്കമുണ്ട്. പേര് മാറ്റല്‍ നീക്കം വിജയിക്കുകയാണെങ്കില്‍ പഴശ്ശിരാജയുടെ പേരിനാണ് കൂടുതല്‍ സാധ്യത. മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നത് വിവാദത്തിന് വഴിയൊരുക്കുമെന്നതിനാലാണിത്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.