Latest News

ദുബായില്‍ ഉദുമ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവ്

ദുബൈ:[www.malabarflash.com] ഉദുമ കാപ്പിലിലെ പരേതനായ ഇബ്രാഹിം ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (27) ദുബൈ റസ്‌റ്റോറന്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവ്. ഖസാക്കിസ്താന്‍ സ്വദേശികളായ മൂന്നു പ്രതികളെയാണ് ദുബൈ കോടതി തടവിന് ശിക്ഷിച്ചത്. മോഷണത്തിനിടയിലായിരുന്നു കൊലപാതകം. കുറ്റകൃത്യത്തിന് പ്രതികളെ സഹായിച്ച മറ്റു രണ്ടു ഖസാക്ക് പൗരന്‍മാര്‍ക്ക് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവര്‍ റസ്‌റ്റോറന്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.
തടവിന് ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചു.

2013 ഡിസംബര്‍ ആറിന് പുലര്‍ച്ചെ ദുബൈ റാശിദിയയില്‍ കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'അബൂഹൈല്‍' ഹോട്ടലിനകത്താണ് ഹനീഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും വൈകി ഹോട്ടല്‍ അടച്ചു പോകുന്നത് ഹനീഫയാണ്. സംഭവ ദിവസം പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിട്ടും ഹനീഫയെ കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ഹോട്ടലില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹനീഫയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

റസ്‌റ്റോറന്റിനോട് ചേര്‍ന്നുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചനടത്താനാണ് പ്രതികള്‍ എത്തിയത്. ഈസമയം റസ്‌റ്റോറന്റ് വൃത്തിയാക്കുകയായിരുന്നു ഹനീഫ, കവര്‍ച്ചനടക്കുന്നത് കണ്ടതോടെയാണ് മോഷ്ടാക്കള്‍ ഹനീഫയെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട് തല ഭിത്തിയിലിടിക്കുകയുമായിരുന്നു. ഹനീഫ ചെറുത്ത് നിന്നപ്പോള്‍ വായില്‍ ടേപ്പ് ഒട്ടിച്ചശേഷമായിരുന്നു അക്രമം നടത്തിയത്. കൃത്യം നിര്‍വ്വഹിച്ചശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിലെ സി സി ടി വിയില്‍നിന്നും ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലനടത്തുന്നതിന്റെ രംഗങ്ങളെല്ലാം സി സി ടി വിയില്‍ വ്യക്തമായിരുന്നു.

ഹനീഫയുടെ പിതാവ് ഇബ്രാഹിം ഏഴു വര്‍ഷം മുമ്പ് ഉദുമ പള്ളത്ത് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ചുമതല ഏറ്റെടുത്താണ് ഹനീഫ ദുബൈയിലേക്ക് പോയത്. കുടുംബത്തിലെ ഏക ആണ്‍ തരിയെയാണ് വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടത്. ഭാര്യ: ഖൈറുന്നിസ. മരണത്തിന് രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം കഴിഞ്ഞിരുന്നത്.

  ഉദുമ സ്വദേശി ദുബൈയില്‍ കവര്‍ച്ചാ സംഘത്തിന്റെ അടിയേററ് മരിച്ചു  



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.