Latest News

അനയ് മോന് കനിവ് തേടി ടിക്കറ്റില്ലാ ബസ് യാത്ര

കാഞ്ഞങ്ങാട്:[www.malabarflash.com] മാരകമായ അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ സതീശന്റെയും ലതികയുടെയും മകന്‍ അനയ് എന്ന മൂന്നു വയസ്സുകാരന്റെ ചികിത്സാ ചിലവിന് ഒരു കൈത്താങ്ങായി ബസ് ഉടമകളും ജീവനക്കാരും.

പാണത്തൂര്‍-കാഞ്ഞങ്ങാട്-നീലേശ്വരം-ചാളക്കടവ് റൂട്ടിലോടുന്ന റിച്ചു ബസ് ഫെബ്രുവരി 26ന് വെള്ളിയാഴ്ച ടിക്കറ്റ് ചാര്‍ജ് ഈടാക്കാതെ സര്‍വ്വീസ് നടത്തും. യാത്രക്കാര്‍ക്ക് അനയ് മോന്റെ ചികിത്സക്ക് സംഭാവന ഈ ബസില്‍ ഏല്‍പിക്കാം. ലക്ഷക്കണക്കിന് രൂപയാണ് കുട്ടിയുടെ ചികിത്സക്കായി ചിലവ് വന്നത്. നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. 

ഇതിനിടയിലാണ് ലൗവിംഗ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിയുടെ കീഴിലുള്ള റിച്ചു ബസ് മനുഷ്യ നന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രദ്ധേയമായ ഒരു പരിപാടിക്ക് ഒരുങ്ങുന്നത്. 26ന് ബസില്‍ യാത്ര ചെയ്യുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കില്ല. ആരോടും ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയുമില്ല. യാത്രക്കാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അനയ് മോന്റെ ജീവന്‍ രക്ഷിക്കാനുള്ള നാട്ടുകാരുടെയും വീട്ടുകാരുടെയും ശ്രമങ്ങളില്‍ പങ്കാളികളാകാം. സംഭാവന നല്‍കി ചികിത്സാ ചിലവിന് രൂപീകരിച്ച സംഘാടക സമിതിയെ സഹായിക്കാം. സംഭാവന ബസ് ജീവനക്കാര്‍ തന്നെ സ്വരൂപിച്ച് സംഘാടക സമിതിയെ ഏല്‍പ്പിക്കും.
കള്ളാറിലെ പി.കെ.അഷ്‌റഫിന്റെയും പടന്നക്കാട്ടെ ഫൈസലിന്റെയും ഉടമസ്ഥതയിലാണ് റിച്ചു ബസ്. ബസിലെ ജീവനക്കാരായ ഡ്രൈവര്‍ സന്തോഷ് കള്ളാര്‍, കണ്ടക്ടര്‍ രാഹുല്‍ കള്ളാര്‍, ക്ലീനര്‍ ചന്ദ്രന്‍ മാവുങ്കാല്‍ എന്നിവര്‍ ആ ദിവസത്തെ വേതനം ചികിത്സാ സഹായ സമിതിയിലേക്ക് നീക്കിവെക്കും. അന്ന് ശമ്പളം വാങ്ങേണ്ടതില്ലെന്നാണ് ഈ ജീവനക്കാരുടെ തീരുമാനം. 

അനയ് മോന്റെ ചികിത്സക്ക് വേണ്ടി നാടിന്റെ നാനാഭാഗത്ത് നിന്നും സംഭാവനകള്‍ എത്തുന്നുണ്ട്. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യത്തില്‍ മത്സരിച്ച് രണ്ടാം സമ്മാനം ലഭിച്ചതുവഴി കിട്ടിയ പ്രൈസ് മണിയില്‍ നിന്ന് ഒരു വിഹിതം കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കലാകാരന്‍മാര്‍ അനയ് മോന്റെ വീട്ടിലെത്തിച്ചിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.