Latest News

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി:[www.malabarflash.com] പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ലിവര്‍ സിറോസിസിനൊപ്പം അണുബാധ കൂടിയുണ്ടായതാണ് മരണകാരണം. രാജേഷ് പിള്ളയുടെ സൈക്കോ ത്രില്ലര്‍ ചിത്രമായ വേട്ട വെളളിയാഴ്ചയായിരുന്നു റിലീസ് ചെയ്തത്.

കുഞ്ചാക്കോ ബോബന്‍, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2005-ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാനാണ് രാജേഷ് പിള്ളയുടെ ആദ്യ ചിത്രം. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2011ല്‍ ട്രാഫിക്കിലൂടെ രാജേഷ് വന്‍ തിരിച്ചുവരവ് നടത്തി. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കാണ് മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കം കുറിച്ചത്. ട്രാഫിക്കിന്റെ ഹിന്ദിപതിപ്പും നിവിന്‍ പോളി-അമല പോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മിലി എന്ന ഇന്‍സ്പിറേഷണല്‍ ചിത്രവും കഴിഞ്ഞ വര്‍ഷം രാജേഷ് പിള്ള സംവിധാനം ചെയ്തിരുന്നു.

ഭക്ഷണക്രമത്തിലെ അപാകത മൂലം ലിവര്‍ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. പുതിയ ചിത്രമായ വേട്ടയുടെ ഷൂട്ടിംഗിന് പലപ്പോഴും ആസ്പത്രിയില്‍നിന്നാണ് രാജേഷ് എത്തിയിരുന്നത്. പുതിയ ചിത്രമായ വേട്ട നിരൂപക പ്രശംസ നേടി ഹിറ്റിലേക്ക് കുതിക്കുന്നതറിയാതെയാണ് രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.