Latest News

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റായി കെ വി സുമേഷിനെ തിരഞ്ഞെടുത്തു

കണ്ണൂര്‍:[www.malabarflash.com]കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റായി എല്‍ ഡി എഫിലെ കെ വി സുമേഷിനെ തിരഞ്ഞെടുത്തു. യു ഡി എഫിലെ തോമസ് വര്‍ഗ്ഗീസിനെയാണ് സുമേഷ് തോല്‍പിച്ചത്. ജില്ലാ കലക്ടര്‍ പി ബാലകിരണായിരുന്നു വരണാധികാരി.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കാരായി രാജനാണ് സുമേഷിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. തോമസ് വര്‍ഗ്ഗീസിന്‍റെ പേര് ലീഗില്‍ നിന്നുള്ള അന്‍സാരി തില്ലങ്കേരിയും നിര്‍ദ്ദേശിച്ചു. എല്‍ ഡി എഫിന് 15 ഉം യു ഡി എഫിന് ഒമ്പതും വോട്ട് കിട്ടി. തുടര്‍ന്ന് കെ വി സുമേഷ് സത്യപ്രതിജ്ഞചെയ്ത് അധികാരമെടുത്തു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും വികസനത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം കെ വി സുമേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുമ്പോള്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അതെല്ലാം ലക്ഷ്യത്തിലെത്തിക്കും. രാഷ്ട്രീയത്തിനപ്പുറത്തുള്ള വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും സുമേഷ് കൂട്ടിച്ചേര്‍ത്തു. 

പുതിയ പ്രസിഡണ്ടിന്‍റെ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാന്‍ ഇടതുമുന്നണി നേതാക്കളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, സി രവീന്ദ്രന്‍, സി വി ശശീന്ദ്രന്‍, വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, അഷ്റഫ് പുറവൂര്‍, രാജേഷ് പ്രേം, കെ കെ ജയപ്രകാശ് തുടങ്ങിയവര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തിയിരുന്നു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.