Latest News

കരിപ്പൂരില്‍ യാത്രക്കാരന്റെ ഒന്നേകാല്‍ ലക്ഷത്തിന്റെ വാച്ച് മോഷ്ടിച്ച പ്രവാസി പിടിയില്‍

കോഴിക്കോട്:[www.malabarflash.com] കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ പിടിച്ചു പറിക്കു പുറമെ യാത്രക്കാരുടെ മോഷണവും. എയര്‍പോര്‍ട്ടിനുള്ളില്‍ വച്ച് യാത്രക്കാരുടെ ലഗേജുകളും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് 1.25 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് മോഷ്ടിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

കണ്ണൂര്‍  സ്വദേശി അബ്ദുല്‍ അസീസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. എയര്‍പോര്‍ട്ടിനുള്ളിലെ പിടിച്ചു പറിയും മോഷണവും നടക്കുന്നതായി നേരത്തെ വ്യാപകമായ പരാതി ഉണ്ടായിരുന്നു. പ്രവാസികളുടെ ലഗേജും വിലപിടിപ്പുള്ള വസ്തുക്കളും പ്രവാസികള്‍ തന്നെ മോഷ്ടിക്കുന്ന സംഭവങ്ങളാണ് ഈയിടെയായി കരിപ്പൂരില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം വിദേശത്തു നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ അസീസ് കസ്റ്റംസ് ഹാളില്‍ നിന്നും ഒന്നേകാല്‍ ലക്ഷം വിലയുള്ള ഒമേഗ വാച്ച് മോഷ്ടിച്ച ശേഷം സ്ഥലംവിടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ വാച്ച് ഒരുഭാഗത്തേക്ക് മാറ്റിവച്ചതായിരുന്നു. എന്നാല്‍ ലഗേജിന്റെ ഉടമസ്ഥര്‍ എത്തി പരിശോധിച്ചപ്പോള്‍ വാച്ച് മോഷണം പോയവിവരം തിരിച്ചറിഞ്ഞു.

കോഴിക്കോട് മീഞ്ചന്ത സ്വദേശി കെ.വി ഷാജിദിന്റെ വാച്ചാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഷാജിദും ബന്ധുവും കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കസ്റ്റംസ് ഹാളിലെ സി.സി ടി.വി പൊലീസ് പരിശോധിച്ചപ്പോഴാണ് വാച്ച് മറ്റൊരു യാത്രക്കാരന്‍ മോഷ്ടിക്കുന്നത് കണ്ടുപിടിച്ചത്.
ശേഷം പൊലീസ് മോഷ്ടാവിന്റെ പേരുവിവരങ്ങള്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട് ശേഖരിച്ചു. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പേരു വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശിയായ പ്രവാസിയെ കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്‌തെങ്കിലും മോഷണം നടത്തിയില്ലെന്ന് ആവര്‍ത്തിച്ചു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ കുറ്റം സമ്മദിക്കുകയും കണ്ണൂരിലെ വീട്ടില്‍ നിന്നും വാച്ച് കണ്ടെടുക്കുകയും ചെയ്തു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മേല്‍ ഉയര്‍ന്നിരുന്ന പ്രധാന ആരോപണമായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെ തുടരെയുണ്ടാകുന്ന ലഗേജ് മോഷണം. എന്നാല്‍ മോഷണത്തില്‍ യാത്രക്കാര്‍ക്കു കൂടി പങ്കുണ്ടെന്ന് ഈ സംഭവം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഗേജുകള്‍ കരിപ്പൂരില്‍ നിന്നും മോഷണം പോയതായാണ് കണക്ക്. എന്നാല്‍ ഇതിന് യാതൊരു തുമ്പും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം എയര്‍പോര്‍ട്ടിനുള്ളില്‍ വച്ച് മോഷണം പോയ സാധനങ്ങള്‍ യാത്രക്കാര്‍ തന്നെ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള ഇരുപതോളം പരാതിയില്‍ എട്ട് പരാതികള്‍ യാത്രക്കാരുടെ മോഷണമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
എന്നാല്‍ വിമാന കമ്പനികള്‍ ചുമതലപ്പെടുത്തുന്ന സ്വകാര്യ കമ്പനികളും ഉദ്യോഗസ്ഥരും നടത്തുന്ന മോഷണം ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസി ടിവി ഇല്ലാത്ത ഭാഗങ്ങളില്‍ നിന്നാണ് ജീവനക്കാരുടെ മോഷണമെന്നതും പൊലീസിന്റെ അന്വേഷണത്തെ ബാധിക്കുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.