Latest News

വേലക്കുന്ന് ശിവക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും ലക്ഷംദീപം സമര്‍പ്പണവും നടന്നു

ബേഡകം:[www.malabarflash.com] ശീ വേലക്കുന്ന് ശിവക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും ലക്ഷംദീപം സമര്‍പ്പണവും നടന്നു.
കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍പ്പെട്ട ബേഡകം എന്ന സ്ഥലത്തെ ഈ ശിവക്ഷേത്രം ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും പുരാതന ഋഷീശ്വരന്‍മാരാല്‍ സ്ഥാപിക്കപ്പെട്ടതുമാണ്‌.

വളരെയധികം വലിപ്പമുള്ളതും ചൈതന്യപൂര്‍ണവുമാണ് ഇവിടത്തെ പുരാതന ശിവലിംഗം. അര്‍ജുനന്റെ തപസ്സില്‍ സംപ്രീതനായി കാട്ടാളവേഷത്തില്‍ പ്രത്യക്ഷപ്പെട്ട് പാശൂപതാസ്ത്രം നല്‍കി അനുഗ്രഹിക്കുന്ന കിരാതനമൂര്‍ത്തി ഭാവത്തിലാണ് ഇവിടത്തെ സങ്കല്പം. കാട്ടാള വേഷത്തില്‍ ശിവന്‍ വേട്ടയാടിയ വേട്ടയടുക്കം പിന്നീട് ബേഡഡുക്കയും ബേഡകവുംമായി മാറി. ലോകത്തിലെ സകല മനുഷ്യരുടെയും പ്രതീകമാണ് നരന്‍ എന്നുകൂടി പേരുള്ള അര്‍ജുനന്‍. ലോകത്തിലെ മുഴുവന്‍ നരന്‍മ്മാരേയും അനുഗ്രഹിക്കാന്‍ സദാസന്നദ്ധനായിരിക്കുന്ന ഭക്തവത്സലനാണ് ശ്രീ വേലക്കുന്നിലപ്പന്‍.

നൂറ്റാണ്ടുകളായി ആരാധനകളിലില്ലാതെ കിടന്നിരുന്ന ക്ഷേത്രം 1991 ല്‍ നാട്ടുകാരുടേയും സ്വദേശത്തും വിദേശത്തും ഉള്ള ഭക്തജനങ്ങളുടെയും ശ്രമഫലമായി ക്ഷേത്രപുനര്‍ നിര്‍മ്മാണം ആരംഭിച്ച് 1998 മെയ് മാസത്തില്‍ പൂര്‍ത്തീകരിച്ച് നവീകരണ കലശം നടത്തുകയുണ്ടായി. 

പ്രധാന ദേവന്‍ ശിവനാണെങ്കിലും പാര്‍വ്വതി ദേവിക്ക് ഇവിടെ കൂടുതല്‍ പ്രാധാന്യം കല്പിച്ചുവരുന്നു. കൂടാതെ ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണന്‍ എന്നീ ഉപദേവതകളുമുണ്ട്. മതില്‍കെട്ടിന് പുറത്ത് നാഗരാജ പ്രതിഷ്ഠയുള്ള നാഗാലയവും സ്ഥിതി ചെയ്യുന്നു. 2004 ല്‍ ധ്വജസ്തംഭപ്രതിഷ്ഠ നടക്കുകയുണ്ടായി. വര്‍ഷം തോറും ധനുമാസം 01 മുതല്‍ അഞ്ചു ദിവസമാണ് ക്ഷേത്രോത്സവം.
തന്നെ ആശ്രയിക്കുന്ന ഭക്തന്മാരുടെ ഏത് ന്യായമായ ആഗ്രഹങ്ങളും സാധിപ്പിച്ചുകൊടുക്കുന്ന വരദാനമൂര്‍ത്തിയാണ് ശ്രീ വേലക്കുന്നിലപ്പന്‍. സന്താന സൗഭാഗ്യത്തിനും മംഗല്യ സിദ്ധിക്കുമായി വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ദിവസേന വേലാദ്രിനാഥന്റെ തിരുനടയിലെത്തുന്നു, 

ശിവസന്നിധിയില്‍ സന്താനപൂജ, പാര്‍വ്വതി സന്നിധിയില്‍ സ്വയംവരപൂജ, ഉദ്ദിഷ്ഠകാര്യ സിദ്ധിക്കായി ഉമാമഹേശ്വരപൂജ, രോഗ ശമനത്തിനായി രുദ്രാഭിഷേകം മുതലായ വഴിപാടുകള്‍ ഇവിടെ നിത്യേന നടന്നു വരുന്നു.

പുരാതന കാലത്ത് വേലയും വിളക്കും നടന്ന സ്ഥാലമായതിനാലാണ് 'വേലക്കുന്ന് ' എന്ന പേര് വന്നത്. വേലയെന്നാല്‍ വൈദിക സമൂഹം നടത്തുന്ന വേദമന്ത്രഘോഷം തന്നെ. വിളക്ക് ദീപോത്സവവും അങ്ങനെ വേലക്കും വിളക്കിനും പ്രാധാനമേറിയ ഈ പുണ്യ സങ്കേതത്തിലാണ് ലക്ഷാര്‍ച്ചനേയും ലക്ഷദീപവും നടക്കുന്നത്. പത്ത് വൈദിക പണ്ഡിതന്‍മാര്‍ പത്തുവീതം ആവര്‍ത്തി ഉരുവിട്ട് കൂവളം, തുളസി, ചെക്കി മുതലായ വിശിഷ്ട പുഷ്പങ്ങള്‍ നമസ്‌കാര മണ്ഡപത്തില്‍ സ്ഥാപിച്ച കലശത്തില്‍ അര്‍ച്ചന ചെയ്യുന്നതാണ് ലക്ഷാര്‍ച്ചന. ലക്ഷാര്‍ച്ചനയുടെ സമാപനമായി ഈ കലശം വേലക്കുന്നിലപ്പന് അഭിഷേകം ചെയ്യും. 

ഒരുലക്ഷം ശിവനാമങ്ങള്‍ കൊണ്ട് മന്ത്രപൂരിതമാക്കുന്ന ഈ സുദിനത്തില്‍ സന്ധ്യാസമയത്ത് മഹാലക്ഷം ദീപം സമര്‍പ്പണം നടന്നു .നിറമാല മഹാപൂജയോടെ പരിപാടികള്‍ അവസാനിക്കും ക്ഷേത്രചൈതന്യ വര്‍ദ്ധനവും ലോകക്ഷേമവുംലക്ഷ്യമാക്കിയാണ് ഈ മഹത് സംരംഭം ക്ഷേത്ര ഭരണസമിതി സംഘടിപ്പിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.