Latest News

വിവാഹ വീട്ടില്‍ ഉപ്പയുടെ കണ്ണീരിന് മുന്നില്‍ നിയമപാലകര്‍ പ്രതിജ്ഞയെടുത്തു; എവിടെ ഒളിച്ചിരുന്നാലും പ്രതിയെ കണ്ടെത്തും

കാസര്‍കോട്:[www.malabarflash.com] ഊജാര്‍ ഉളുവാറിലെ ഒരു വിവാഹച്ചടങ്ങിനിടയില്‍ യൂത്ത് ലീഗ് നേതാവായ യൂസഫ് ഉളുവാര്‍ പ്രായമായ ഒരാളെ കൈപിടിച്ച് കൊണ്ട് വന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിനും കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും മുമ്പില്‍ പരിചയപ്പെടുത്തി. അബൂബക്കര്‍; കൊല്ലപ്പെട്ട ഫാത്തിമത്ത് സുഹ്‌റയുടെ ഉപ്പ.

കൈകള്‍ കൂപ്പി നില്‍ക്കെ അബൂബക്കറിന്റെ കവിളിലൂടെ കണ്ണീര്‍ പുഴയൊഴുകുന്നത് അവിടെ കൂടി നിന്നവരുടെ മനസ്സ് അലിയിച്ചു. തന്റെ മകളെ നിഷ്‌കരുണം വധിച്ച പ്രതി ഇപ്പോഴും ഒളിവിലാണെന്ന് അബൂബക്കര്‍ പറഞ്ഞു. സി.ഐ.യായിരിക്കെ പ്രതി ഉമ്മര്‍ ബ്യാരിയെ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. അബൂബക്കറിന്റെ കണ്ണീര്‍ കണ്ട ഡി.വൈ.എസ്.പി.യും സ്‌ക്വാഡ് അംഗങ്ങളും അന്ന് തന്നെ പ്രതിജ്ഞയെടുത്തു. 

ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും പ്രതിയെ പിടിക്കുമെന്ന്. അതേ കല്ല്യാണവീട്ടില്‍ വെച്ച് തന്നെയായിരുന്നു അന്വേഷണത്തിന്റെ തുടക്കവും. സംസാരിച്ച് നില്‍ക്കെ തന്നെ വിവാഹച്ചടങ്ങിനെത്തിയ ഒരാള്‍ രഹസ്യമായി വിവരം കൈമാറി. ഉമ്മര്‍ ബ്യാരിയുടെ ഒരു സഹോദരന്‍ മുംബൈയിലുണ്ടെന്ന്. അയാളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. നമ്പര്‍ കിട്ടിയതോടെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ താനും ഉമ്മര്‍ ബ്യാരിയുമായി അടുത്ത കാലത്തൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. എന്നാല്‍ അതൊന്നും വിശ്വസിക്കാതെ അന്വേഷണ സംഘം മുംബൈക്ക് തിരിച്ചു. ചോദ്യം ചെയ്തതോടെ ഒരു തവണ മുംബൈയില്‍ കണ്ടിരുന്നു എന്ന് പറഞ്ഞു. സഹോദരന്റെ ഭാര്യയില്‍ നിന്ന് മൊഴിയെടുത്തതോടെ വീട്ടില്‍ വന്ന വിവരവും ലഭിച്ചു. സഹോദരന്റെ മുംബൈയിലെ വീട്ടിലെത്തി ഉമ്മര്‍ ബ്യാരി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ശല്യം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും വിവരം കിട്ടി. 

നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. നാസികില്‍ എവിടെയോ ആണ് താമസമെന്ന്. അതോടെ എ.എസ്.ഐ. ബാലകൃഷ്ണന്‍, പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക് എന്നിവര്‍ നാസികിലേക്ക് പുറപ്പെട്ടു. കയ്യിലുണ്ടായിരുന്ന ഫോട്ടോ പലരെയും കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞിരുന്നില്ല. നാസികിലെ ഒരു കോളനിയില്‍ മുസ്ലിം വേഷത്തില്‍ തങ്ങിയായിരുന്നു അന്വേഷണം. 28 ദിവസമാണ് അവിടെ താമസിച്ചത്. അവിടത്തെ അസാധാരണമായ പല കാര്യങ്ങളും നാട്ടുകാരില്‍ നിന്ന് ചോദിച്ചറിയുന്നതിനിടെയാണ് ഒരു സ്വാമിയെകുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എന്നും മണിയടിച്ച് പൂജ നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. 

അതോടെ അന്വേഷണം ആ വഴിക്കായി. മുറിയിലെത്തിയ പൊലീസുകാര്‍ ആദ്യം ഒന്ന് ഞെട്ടി. മുടി നീട്ടിവളര്‍ത്തിയ ഒരാളെയാണ് കണ്ടത്. എന്നാല്‍ പൂജ ചെയ്യാനുള്ള യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനാണ് ഇടക്കിടെ മണിയടിക്കുന്നതെന്ന് വ്യക്തമായി. ചുവരുകളില്‍ നിറയെ പത്രക്കട്ടിങ്ങുകളായിരുന്നു. പല യുവതികളുടെയും കൊലപാതകങ്ങളും പ്രതികള്‍ രക്ഷപ്പെട്ട വിധവുമായിരുന്നു ചുമരില്‍ പതിച്ചിരുന്നത്. കൂടാതെ ഒരു കുറ്റാന്വേഷണ നോവലും മുറിയിലുണ്ടായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ഉമ്മര്‍ ബ്യാരി കീഴടങ്ങി. പ്രതിയെ പിടിച്ച് മുംബൈ വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് വിമാനമാര്‍ഗം മംഗലാപുരത്തെത്തിക്കാനും അവിടെ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോകാനുമായിരുന്നു ശ്രമം. എന്നാല്‍ കൊലക്കേസില്‍ പ്രതിയായ ഒരാളെ കൊണ്ടു പോകുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ അവിടെയുമുണ്ടായി. അതിനാല്‍ വിമാനം 20 മിനിട്ട് വൈകി. ഡി.വൈ.എസ്.പിയുടെ സമയോജിതമായ ഇടപെടലുകളായിരുന്നു അന്ന് പ്രതിയെ പിടിക്കാനും നിയമത്തിന് മുന്നില്‍ ഹാജരാക്കാനും സാധിച്ചത്.
(കടപ്പാട്: ഉത്തരദേശം)





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.