Latest News

ഷുക്കൂര്‍ വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

കൊച്ചി:[www.malabarflash.com] ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍ പാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിപിഎമ്മിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും വിധിന്യായത്തില്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കേസിലെ 32, 33 പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കുമെതിരേ എന്തുകൊണ്ടു ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്നു കോടതി ആരാഞ്ഞു. ഇക്കാര്യം ഗൗരവമായി കാണണം. സംസ്ഥാന പോലീസിന് ഇവര്‍ ഉള്‍പ്പെട്ട സിപിഎമ്മിന്റെ ഭീഷണിയും സമ്മര്‍ദതന്ത്രങ്ങളും ഉണ്ടായിരുന്നിരിക്കണം. ഇത്തരം സ്വയംപ്രഖ്യാപിത രാജാക്കന്മാര്‍ ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനത്തെ തകിടം മറിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരുനേതാക്കളെയും സഹായിച്ചു. ഗൂഢാലോചനക്കുറ്റം കണെ്ടത്തിയെങ്കിലും നിസാര കുറ്റമാണ് ചുമത്തിയത്. കേസ് സിബിഐക്കു വിട്ടു സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. ഏറ്റെടുക്കാന്‍ സിബിഐയും വിസമ്മതിച്ചിരുന്നു. ഇതിനെ കോടതി വിമര്‍ശിച്ചു. സിബിഐക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കണ്ണടയ്ക്കാതെ കേസ് അന്വേഷിക്കുകയാണു വേണ്ടത്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.

രാഷ്ട്രീയ ഇടപെടല്‍ കാരണം അന്വേഷണം വഴിമുട്ടിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. അന്വേഷണം ശരിയായ രീതിയില്‍ നടത്താന്‍ കേരള പോലീസിനു കഴിഞ്ഞില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ഡിജിപിയും കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20നാണ് സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പട്ടുവം അരിയില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് സമീപ ഗ്രാമമായ വയലില്‍ ആത്തിക്കയുടെ മകനും കാലിക്കട്ട് സര്‍വകലാശാലയില്‍ ബിഎ അറബിക് വിദ്യാര്‍ഥിയുമായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവഴി ഷുക്കൂറിനെയും നാലു സുഹൃത്തുക്കളെയും സിപിഎം പ്രവര്‍ത്തകര്‍ പിന്തുടരുകയായിരുന്നു. അപകടം മനസിലാക്കി ഷുക്കൂറും സുഹൃത്തുക്കളും തൊട്ടടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. 20 പേരടങ്ങുന്ന അക്രമിസംഘം ഷുക്കൂറും മറ്റും അഭയംപ്രാപിച്ച വീട്ടില്‍ അവരെ തടഞ്ഞുവയ്ക്കുകയും ആശുപത്രിയിലുണ്ടായിരുന്ന ടി.വി. രാജേഷിന്റെയും പി. ജയരാജന്റെയും നിര്‍ദേശപ്രകാരം ഷുക്കൂറിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

കണ്ണൂര്‍ കണ്ണാപുരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ സിബിഐക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.