Latest News

അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഭരണമാറ്റമെന്ന്‌ ഒരു കിതാബിലുമില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം:[www.malabarflash.com] അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഭരണമാറ്റമെന്ന്‌ ഒരു കിതാബിലും പറഞ്ഞിട്ടില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രാജിവയ്‌പ്പിക്കാന്‍ വന്നവരൊക്കെ ഗൂഢാലോചന നടത്തിയതിനു രാജിവയ്‌ക്കേണ്ട അവസ്‌ഥയും രാജിവച്ച മന്ത്രിമാര്‍ തിരിച്ചെത്തുന്ന സാഹചര്യവുമാണ്‌ ഇപ്പോള്‍ സംസ്‌ഥാനത്തുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ കേരളയാത്രയ്‌ക്കു മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്‌റ്റന്‍ കൂടിയായ കുഞ്ഞാലിക്കുട്ടി.

വെളിപ്പെടുത്തലുകള്‍ ബൂമാറാങ്‌ പോലെ പറഞ്ഞവരുടെ നെഞ്ചത്തുതന്നെ പതിക്കുകയാണ്‌. അരനൂറ്റാണ്ടോളം ഒരേ മണ്ഡലത്തില്‍നിന്നു ജയിച്ച ജനപിന്തുണയുള്ള നേതാവാണു കെ.എം. മാണി. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരേവരെ വെളിപ്പെടുത്തലുണ്ടായി. ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലാണ്‌. വെളിപ്പെടുത്തിലിനു നല്‍കാമെന്നു പറഞ്ഞ 10 കോടി രൂപപോലും കിട്ടാത്ത അവസ്‌ഥയാണ്‌. 

ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്‌ത്തിയതോടെ ഇടതുപക്ഷം ഇനി അധികാരത്തില്‍വരില്ലെന്നുറപ്പായി. അധികാരത്തിലെത്തിയാല്‍ എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുമെന്ന സന്ദേശമാണു സി.പി.എം. നല്‍കുന്നത്‌.
കേരളത്തില്‍ യു.ഡി.എഫ്‌. വീണ്ടും അധികാരത്തിലെത്തും. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുതന്നെയാണു മുസ്ലിം ലീഗിന്റെ ജാഥ. കേരളത്തിലെ വികസനവിപ്ലവത്തിനു തുടര്‍ച്ച വേണം, കേന്ദ്രത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നരേന്ദ്ര മോഡിയെ താഴെയിറക്കണം. ഇതൊക്കെത്തന്നെയാണു ലീഗിന്റെ ലക്ഷ്യം. കടന്നുചെല്ലുന്നയിടങ്ങളിലെ സകലകേടുകളും തീര്‍ത്താണു യാത്ര മുന്നോട്ടുപോകുന്നത്‌. 

വലിയ ടയറുള്ള ഈ എന്‍ജിനു കേടുപാടുകള്‍ തീര്‍ക്കാന്‍ മിനുട്ടുകള്‍ മതി. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന്‌ ഒരു പ്രശ്‌നവുമില്ല. ഭരണകക്ഷികള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന ജാഥകള്‍ക്കു വലിയ സ്വീകാര്യത ലഭിക്കാറില്ല. അതിനു പിന്നില്‍ ഭരണവിരുദ്ധവികാരമാണു പറയപ്പെടാറുള്ളത്‌. എന്നാല്‍, ഭരണപക്ഷത്തുള്ള ലീഗിന്റെ ജാഥ തരംഗമാവുകയാണ്‌. 

അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഭരണമാറ്റം എന്നതു പുതുതലമുറയുടെ കിതാബിലില്ല. അവര്‍ക്കു കാര്യങ്ങളറിയാം. ബാര്‍ മുതലാളിയോ ക്രിമിനല്‍ കേസ്‌ പ്രതിയോ പറയുന്നതൊക്കെ വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല പുതുതലമുറ. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ ഇതു മനസിലാകും. സാംസ്‌കാരികകേരളത്തിന്‌ അപമാനമാകുന്ന പ്രവൃത്തികളാണു പ്രതിപക്ഷത്തിന്റേത്‌. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരാള്‍ക്കെതിരായ ആരോപണങ്ങള്‍ ഖേദകരമാണ്‌. ദിവസങ്ങള്‍ മുമ്പുവരെ പിതൃതുല്യനെന്നു പറഞ്ഞിരുന്നയാള്‍ ഇന്നു മറ്റു പലതും പറയുന്നത്‌ എന്തിനൊണെന്ന്‌ ആര്‍ക്കും മനസിലാകും. ജനസമ്പര്‍ക്കം മാത്രം മതി ഉമ്മന്‍ ചാണ്ടിയെ അളക്കാന്‍.
ഐടി രംഗത്തു കേരളത്തിലുണ്ടായ കുതിച്ചുചാട്ടം അഭ്യസ്‌തവിദ്യരായ യുവാക്കള്‍ക്ക്‌ അവസരങ്ങള്‍ തുറന്നുനല്‍കി. ടെക്‌നോപാര്‍ക്കില്‍ ലക്ഷത്തോളം പേര്‍ ജോലി ചെയ്ുന്നുയ. ഇന്‍ഫോ പാര്‍ക്കില്‍ അരലക്ഷത്തോളം പേരും. വിദേശരാജ്യങ്ങള്‍ കേരളത്തിലെ ഐടി കമ്പനികളില്‍ സേവനങ്ങള്‍ക്കു വരിനില്‍ക്കുന്നു. ഇതെല്ലാം യു.ഡി.എഫ്‌. സര്‍ക്കാര്‍ സൃഷ്‌ടിച്ചതാണ്‌.
സ്‌മാര്‍ട്‌ സിറ്റി വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും, വിദേശപണം ഒഴുകും. മലബാറിനു മുതല്‍കൂട്ടാകാന്‍ കോഴിക്കോട്ട്‌ സൈബര്‍ പാര്‍ക്ക്‌ വരുന്നു. ഈ സര്‍ക്കാര്‍തന്നെ അധികാരത്തില്‍ വന്നില്ലെങ്കില്‍ കാര്യം പോക്കാണെന്നു ചിന്തിക്കുന്ന യുവതലമുറയെയാണു യാത്രയിലുടനീളം കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എടക്കരയിലെ സ്വീകരണത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ.പി.സി.സി. സെക്രട്ടറിമാരായ വി.എ. കരീം, വി.വി. പ്രകാശ്‌, അംഗം ആര്യാടന്‍ ഷൗക്കത്ത്‌ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മലപ്പുറത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ പരസ്‌പരം പോരടിച്ച കോണ്‍ഗ്രസിനും ലീഗിനുമിടയില്‍ മഞ്ഞുരുകുന്നതിന്റെ സന്ദേശമായി ഇതു വിലയിരുത്തപ്പെടുന്നു





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.