Latest News

മൗനിബാബയുടേത് സ്വാഭാവികമരണമല്ലെന്ന് അമേരിക്കന്‍ ആരാധികയുടെ വെളിപ്പെടുത്തല്‍

ചെറുവത്തൂര്‍:[www.malabarflash.com]അമേരിക്കയിലെ രത്‌നക്കല്ല് വ്യാപാരി കണ്ണാടിപ്പാറ 'പ്രശാന്ത്' ലെ മൗനിബാബയെന്ന കൃഷ്ണാജിയുടെ മരണം സ്വാഭാവികമായിരുന്നില്ലെന്ന് അമേരിക്കന്‍ വനിത റെന വെളിപ്പെടുത്തി.

മരണം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് മൗനിബാബയുടെ അമേരിക്കയിലെ ദ്വിഭാഷിയും ലൈബ്രേറിയനും ആരാധികയുമായ റെനയുടെ വെളിപ്പെടുത്തല്‍. ഫിബ്രവരി 24-ന് മൗനിബാബയുടെ 87-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തശേഷമാണ് റെന മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞത്.

2010 ഫിബ്രവരി 24-ന് അമേരിക്കയിലെ മിനസോട്ടയിലെ ബാബയുടെ വീട്ടില്‍ ജന്മദിനാഘോഷം നടന്നിരുന്നു. അന്ന് ബാബാജി കഴിച്ച ഷാംപെയിനില്‍ വിഷംകലര്‍ന്നതാവാം മരണകാരണമെന്ന് റെന പറയുന്നു. ജന്മദിനാഘോഷത്തില്‍ റെനയെ കൂടാതെ ചെക് വനിത റെനാട്ട, മരിയ, ഡോ.കുമാര്‍ തുടങ്ങി വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബാജിയോടൊപ്പം പ്രശാന്തില്‍ ഒരു വര്‍ഷക്കാലം താമസിച്ചിരുന്ന കാനഡക്കാരന്‍ ക്രിസ്റ്റഫര്‍ ക്രൂസി ആഘോഷത്തിനെത്തിയതായും ന്യൂക്ലിയര്‍ കെമിസ്റ്റായ ഇയാള്‍ 35 ലക്ഷം ഡോളറിന്റെ കടക്കാരനാണെന്നും റെന പറയുന്നു. ബാബാജിയുടെ കണ്ണാടിപ്പാറയിലെ സ്വത്ത് ഉള്‍പ്പെടെ സ്വന്തമാക്കാന്‍ ഇയാള്‍ക്ക് ഉദ്ദേശ്യമുള്ളതായി സംശയിക്കുന്നതായും പറഞ്ഞു. ആഘോഷത്തിനിടയില്‍ ഷാംപെയിനില്‍ വിഷംകലര്‍ത്തിയതാവാമെന്ന സംശയമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇതിന് തന്റെ കൈയില്‍ തെളിവില്ലെന്നും റെന പറയുന്നു.

ജന്മദിനാഘോഷ സമയത്ത് നല്ല ആരോഗ്യവാനും സന്തോഷവാനുമായിരുന്നു ബാബ. ഷാംപെയിന്‍ കഴിച്ചശേഷം അസ്വസ്ഥത അനുഭവപ്പെട്ട ബാബാജിയെ മിനസോട്ടയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേഷനില്‍ കഴിഞ്ഞ ബാബാജി മാര്‍ച്ച് 27-ന് മരിച്ചു.

ഏപ്രില്‍ ആറിന് കണ്ണാടിപ്പാറയിലെ പ്രശാന്തിലെത്തിച്ച് അടക്കം ചെയ്തു.മിനസോട്ടയില്‍ ജന്മദിനാഘോഷം നടന്നതിന് ഒരുമാസം മുമ്പാണ് കണ്ണാടിപ്പാറയില്‍ നിന്ന് ബാബ യാത്രതിരിച്ചതെന്നും പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ദീര്‍ഘകാലം മൗനിബാബയുടെ കൂടെ കഴിഞ്ഞ സാവിത്രിയമ്മ പറഞ്ഞു.

2010 ഫിബ്രവരി 24-ലെ ജന്മദിനത്തില്‍ ആശംസയര്‍പ്പിക്കാന്‍ വിളിച്ചപ്പോള്‍ ബാബ ക്ഷീണിതനാണ്, വിശ്രമിക്കുകയാണെന്നാണ് പറഞ്ഞത്. ബാബാജിയെ അപകടപ്പെടുത്തിയതാണെന്ന ഉറച്ചവിശ്വാസത്തിലാണ് സാവിത്രിയമ്മ.

അമേരിക്കയില്‍ വലിയ സമ്പത്തിന് ഉടമയാണ് എന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാല്‍ മരണശേഷം അദ്ദേഹത്തിന് സ്വന്തമായി ഒന്നുമില്ലെന്ന അവസ്ഥയാണ്. മിനസോട്ടയിലുള്ള വീടും മ്യൂസിയവും വാഹനങ്ങളും തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് റെന പറയുന്നു.

ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലുള്ള സമ്പത്തും ആശ്രമവും ഒരുട്രസ്റ്റിന് കീഴിലാക്കി അദ്ദേഹത്തിന്റെ ആശയം പ്രചരിപ്പിക്കലാണ്
തങ്ങളുടെ ലക്ഷ്യമെന്ന് കണ്ണാടിപ്പാറ പ്രശാന്തില്‍ നിന്ന് റെനയും ദീര്‍ഘകാലം ബാബയോടെപ്പം അമേരിക്കയിലും കണ്ണാടിപ്പാറയിലുമായി കഴിഞ്ഞ ബ്രിന്‍ഡയും അമേരിക്കന്‍ പൗരന്‍ ടോമും പറയുന്നു.

മൗനിബാബയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രകടിപ്പിച്ച സംശയത്തെ ബലപ്പെടുത്തുന്നതാണ് റെനയുടെ വെളിപ്പെടുത്തല്‍. സത്യം കണ്ടെത്തുന്നതിനും മൗനിബാബയുടെ അമേരിക്കയിലെ സമ്പത്തിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തുന്നതിനും ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. അതിനുള്ള ശ്രമം നടത്തുമെന്ന് ആശ്രമ സംരക്ഷണ സമിതി ഭാരവാഹികളായ വിജയന്‍, രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.