Latest News

കാഞ്ഞിരടുക്കത്ത് ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രി വരുന്നു

കാഞ്ഞങ്ങാട്:[www.malabarflash.com] സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള കാസര്‍കോട് ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ സേവനമെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ആശുപത്രി നിര്‍മ്മിക്കുന്നു.ആതുര ശുശ്രൂഷാ രംഗം വ്യവസായമായി മാറിയ വര്‍ത്തമാനകാലത്ത് തികച്ചും സൗജന്യമായി, ക്യാഷ് കൗണ്ടറില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ആശുപത്രിയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത് നിര്‍മാണം ആരംഭിക്കുന്നതെന്ന് ട്രസ്റ്റ് ഡയരക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, പി.ഗംഗാധരന്‍ നായര്‍, കെ.എം.കെ.നായര്‍, അഡ്വ.കെ.മധുസൂദനന്‍, കെ.അഗസ്റ്റിന്‍ ജേക്കബ്, എം.ഭാസ്‌കരന്‍, അസൈനാര്‍ ഹാജി, കെ.വി.ഗോപാലന്‍, എം.കെ.ബാബുരാജ്, രഘു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പുട്ടപര്‍ത്തിയിലും ബാംഗ്ലൂരിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളാണ് മറ്റ് രണ്ടെണ്ണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിര്‍മിക്കുന്ന സായി പ്രസാദം സൗജന്യഭവന പദ്ധതിയുടെ ഭൂമിപൂജയ്‌ക്കെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 50 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 100 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 50 കോടിയും സത്യസായി ഓര്‍ഫനേജ് 50 കോടിയുമാണ് മുതല്‍ മുടക്കുന്നത്. 

10 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സത്യസായി ബാബയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 23ന് ആശുപത്രിയുടെ ആദ്യഘട്ട ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

മാര്‍ച്ച് 5 മുതല്‍ സ്ഥിരം മെഡിക്കല്‍ ക്യാമ്പ് നടക്കും. ആശുപത്രി ഒപി വിഭാഗത്തില്‍ കാര്‍ഡിയോളജി, ഒപ്താല്‍മോളജി, സൗജന്യ ഡയാലിസിസ് കേന്ദ്രം എന്നിവ ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഓളം വിദഗ്ധ ഡോക്ടര്‍മാരാണ് സൗജന്യ സേവനത്തിനായെത്തുന്നത്. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകും. 

പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത് നിര്‍മിക്കുന്ന ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.