Latest News

വിദേശ കാറില്‍ സ്വര്‍ണം കടത്തിയ കേസ്, കാസര്‍കോട്ടെ ബിസിനസ്സുകാര്‍ക്ക് കസ്റ്റംസ് നോട്ടീസ്‌

കൊച്ചി:[www.malabarflash.com] വിദേശ കാറില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ ദുബൈയിലെ മലയാളികളായ ബിസിനസ്സുകാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പാകെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ആഡംബര കാറായ മിനി കൂപ്പറില്‍ ഏഴ് കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നോട്ടീസ്.
ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കായി വിദേശ കാര്‍ ഇറക്കുമതി ചെയ്യാനുള്ള കാര്‍ണെ ഡി പാസേജ് എന്ന ലൈസന്‍സ് ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയത്. കാറിനൊപ്പം എത്തിയ മുഹമ്മദ് മൊയ്തീന്‍ എന്നയാളെ കസ്റ്റംസ് സ്‌പെഷ്ല്‍ ഇന്‍വെസ്റ്റിഗേറ്റീവ് വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ കംപ്യൂട്ടര്‍ ബിസിനസ് നടത്തുന്ന രണ്ട് മലയാളികള്‍ക്ക് നോട്ടീസ്

കാഞ്ഞങ്ങാട് സ്വദേശി ഷബീര്‍ അലി, നീലേശ്വരം സ്വദേശി സിയാദ് എന്നിവര്‍ക്ക് നല്‍കിയ നോട്ടീസ് പ്രകാരം ഒരാഴ്ചകക്കം കൊച്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഇരുവരുടെയും വീടുകളില്‍ നേരിട്ട് നോട്ടീസ് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ 13ാം തീയതിയാണ് സ്വര്‍ണം ഒളിപ്പിച്ചു വെച്ചമിനി കൂപ്പര്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
കാര്‍ണെ ഡി പാസേജ് പ്രകാരം ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കായി വിദേശ കാറുകല്‍ നികുതി അടയ്ക്കാതെ ആറ് മാസത്തേക്ക് ഇറക്കുമതി ചെയ്യാം. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലിയറന്‍സിനായി എത്തിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

ഇന്ധനടാങ്കില്‍ നിന്നുള്ള കുഴലില്‍ മാലപോലെ കോര്‍ത്തിട്ട നിലയിലായിരുന്നു സ്വര്‍ണം. കഴിഞ്ഞ നവംബറില്‍ കാരിയര്‍ മാത്രമായ മൊയ്തീന്റെ പേരിലേക്ക് മിനി കൂപ്പര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കസ്റ്റംസ് പിടികൂടുന്‌പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് മൊയ്തീ്ന്‍ നല്‍കിയിരിക്കുന്ന മൊഴി. സ്വര്‍ണം കണ്ടെത്തിയ സാഹചര്യത്തില്‍ കാര്‍ണെ ഡി പാസേജ് ലൈസന്‍സ് ഉപയോഗിച്ച് അടുത്ത കാലത്ത് കാര്‍ ഇറക്കുമതി ചെയ്ത കേസുകളെല്ലാം കസ്റ്റംസ് നിരീക്ഷിച്ചു വരികയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.