Latest News

ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ റിപ്പോര്‍ട്ട് കോടതി തള്ളി; പുനരന്വേഷണത്തിന് ഉത്തരവ്

എറണാകുളം:[www.malabarflash.com] പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനും, സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താന്‍ സി ബി ഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് നേരത്തെ ഹൈക്കോടതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍കൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. മെയ് 27ന് അന്വേഷണ നടപടികള്‍ സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട്ട് കോടതിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ സി എ അഹ്മദ് ഷാഫി ചെമ്പരിക്ക നല്‍കിയ ഹര്‍ജിയിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ ഓപ്പണ്‍ കോര്‍ട്ടില്‍ കേസ് പരിഗണനയ്ക്ക് വന്നിരുന്നു. പുനരന്വേഷണം കോടതി അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉച്ചയ്ക്കുശേഷമാണ് ഉണ്ടായത്. അഹ്മദ് ഷാഫിക്കുവേണ്ടി ഷൈജന്‍ സി ജോര്‍ജാണ് ഹാജരായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ അഡ്വ. സി കെ സജീവ് ആണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരായത്.

നേരത്തെ ഖാസിയുടെ മരുമകന്‍ ഷാഫി ഹാജി ദേളിയും കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയും ഖാസി സംയുക്ത സമരസമിതിയും പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിചാരണ കോടതിയെ കക്ഷികള്‍ക്ക് സമീപിക്കാമെന്നും അവിടെനിന്നും നീതി ഉറപ്പാക്കാനായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും നിര്‍ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഖാസിയുടെ മരണം ആത്മഹത്യായാണെന്ന സി ബി ഐ വാദം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മരണം സംബന്ധിച്ച് സി ബി ഐ നിരത്തിയ വാദങ്ങളില്‍ വ്യക്തതയില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

ഒരുകിലോമീറ്ററോളം ദൂരെയുള്ള പാറക്കെട്ടില്‍ അനാരോഗ്യമുള്ള ഖാസിക്ക് എത്താന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകര്‍ വാദിച്ചത്. സി ബി ഐയുടെ റിപോര്‍ട്ടില്‍ ഖാസി തലേദിവസം പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നതായും 45 പടികള്‍ താണ്ടിയാണ് ഖാസി അവിടെ എത്തിയതെന്നും അതുകൊണ്ടുതന്നെ ചെമ്പരിക്ക കടുക്കക്കല്ലില്‍ ഖാസിക്ക് സ്വയം എത്തിച്ചേരാന്‍ കഴിയുമെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

മുസ്ലിം വിശ്വാസ പ്രമാണങ്ങള്‍ മുറുകെപിടിക്കുന്ന പണ്ഡിതന്‍ ഒരിക്കലും സ്വയം മരിക്കാനുള്ള വഴി തേടില്ലെന്ന വാദവും കോടതി അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സി ബി ഐയോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വാദം സ്ഥാപിക്കാന്‍ സി ബി ഐ ഉന്നയിക്കുന്ന നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദമാണ് ഹരജിക്കാരന്‍ കോടതി മുന്‍പാകെ ഉന്നയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളും രോഗവും മൂലം ഖാസി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തോടെയാണു 2013 ല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് കോടതിക്ക് റിപോര്‍ട്ട് സമര്‍പിച്ചത്.

2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. ലോക്കല്‍ പോലിസും െ്രെകം ബ്രാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നപോഴാണ് സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് വിട്ടത്.

അതേ സമയം സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ പുനരന്വേഷണം നടത്തേണ്ടത് മൂന്ന് കാര്യങ്ങളെകുറിച്ചാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദേശം.

മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്‌സി എന്ന ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കോടതിയുടെ രണ്ടാമത്തെ നിര്‍ദേശം. മരിച്ച ഖാസിയുടെ ഭാര്യയും മരുമകളും അവരുടെ കുട്ടിയും സംഭവം നടന്നദിവസം വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നു. സാധാരണ ഖാസിയുടെ ഭാര്യ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് എഴുന്നേല്‍ക്കാറുണ്ട്. എന്നാല്‍ സംഭവം നടന്നദിവസം വീട്ടുകാരെല്ലാം ഉണര്‍ന്നത് വൈകിയാണ്.

ഇവര്‍ വൈകി ഉണര്‍ന്നത് ഇവരെ ഉറക്കിക്കിടത്തക്ക രീതിയിലുള്ള എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണമെന്നാണ് കോടതി സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അതിന്റെ റിപോര്‍ട്ട് മെയ് 27ന് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.