Latest News

ശരീരം തടിക്കാന്‍ കുതിരയ്ക്കു നല്‍കുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയില്‍

തൃശൂര്‍:[www.malabarflash.com] ക്രിസ്റ്റഫര്‍ നഗറിലെ ജിംനേഷ്യത്തില്‍ നടന്ന പൊലീസ് പരിശോധനയില്‍ കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധികത മരുന്നുശേഖരം പിടികൂടി. സ്ഥാപന നടത്തിപ്പുകാരനെയും പരിശീലകനെയും കസ്റ്റഡിയിലെടുത്തു. ടീം യൂണിവേഴ്‌സല്‍ സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്.

വിവിധതരം പ്രോട്ടീന്‍ പൗഡറുകള്‍, കുത്തിവയ്പ് മരുന്നുകള്‍, ഗുളികകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയാണു കണ്ടെത്തിയത്. പന്തയ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുതിരകള്‍ക്കു കുത്തിവയ്ക്കുന്ന മരുന്നടക്കം പിടിച്ചെടുത്തവയില്‍പ്പെടുന്നു.
ജിംനേഷ്യത്തിലെ പരിശീലനത്തിനുള്ള ഫീസിനു പുറമെ ഈ മരുന്നിനും വില ഈടാക്കിയാണു സ്ഥാപനം നടത്തിയിരുന്നത്.

നിസ്സാര വിലയ്ക്കു ലഭിക്കുന്ന മരുന്നുകള്‍ക്കു നൂറ് ഇരട്ടിവരെ സ്ഥാപന ഉടമ ഈടാക്കിയിരുന്നു. മിക്ക മരുന്നുകളും ഇന്ത്യയില്‍ നിരോധിച്ചവയാണ്. ഇറക്കുമതി ചെയ്ത ഒട്ടേറെ മരുന്നുകളും കണ്ടെത്തി. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വരുമെന്നു കണക്കാക്കുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു പുറമെ ഈ മരുന്നുകളും ഉപയോഗിച്ചാല്‍ കൂടുതല്‍ പുഷ്ടിയുള്ള ശരീരം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.

സ്ഥാപന നടത്തിപ്പുകാര്‍തന്നെയാണു മരുന്നുകള്‍ കുത്തിവയ്ക്കുന്നതും. ഡോക്ടറുടെ സേവനമില്ലാതെ നടക്കുന്ന ഈ മരുന്നുകളുടെ ഉപയോഗംമൂലം പരിശീലനത്തിനെത്തുന്നവര്‍ പലരും രോഗികളായി തീരുകയായിരുന്നു. ഒട്ടേറെ പേര്‍ക്കു വൃക്കരോഗം കണ്ടെത്തി. കുത്തിവയ്പിലെ അപാകതമൂലം പലരുടെയും ശരീരം പൊട്ടി പഴുത്തു. എന്നാല്‍ അനധികൃത മരുന്നുകളുടെ ഉപയോഗങ്ങള്‍ക്കിടയിലും ഈ ജിംനേഷ്യത്തിലെ താരങ്ങള്‍ ഒട്ടേറെ മല്‍സരങ്ങളില്‍ വിജയിച്ചിരുന്നു. ശരീരത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും ജില്ലയുടെ പല ഭാഗത്തുനിന്നും ഈ ജിംനേഷ്യത്തില്‍ പരിശീലിക്കാന്‍ ഇതായിരുന്നു മിക്കവര്‍ക്കും പ്രേരണയായത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതികള്‍ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനയന്റെ നേതൃത്വത്തിലാണു മരുന്നുകള്‍ പരിശോധിച്ചത്. ഒല്ലൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സിഐ എ. ഉമേഷ്, എസ്‌ഐ പ്രശാന്ത് ക്ലിന്റ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.