Latest News

സദാചാര പോലീസ് ചമഞ്ഞ് അമ്മയെയും മകനെയും അക്രമിച്ചു; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്:[www.malabarflash.com] രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു വീട്ടിലേക്കു മടങ്ങിയ അമ്മയെയും മകനെയും പിന്തുടര്‍ന്നു കൈയേറ്റം ചെയ്ത സദാചാര പോലീസ് സംഘത്തിലെ അഞ്ച് യുവാക്കളെ ചേവായുര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ചെലവൂര്‍ സ്വദേശിനിയായ ഡാന്‍സ് അധ്യാപികയും മകനുമാണു ഞായറാഴ്ച രാത്രി വൈകി ആക്രമിക്കപ്പെട്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച്, ഇരിങ്ങല്ലൂര്‍ സ്വദേശികളായ കല്ലുവളപ്പില്‍ ഹൗസില്‍ ഷാമില്‍ അസീസ് (21), എന്‍എസ് മന്‍സിലില്‍ മുഹമ്മദ് സിനാജ് (23), പേരാളുംകുഴിയില്‍ ഹൗസില്‍ ആസിഫ് അസീസ് (24), മാത്തറ സ്വദേശികളായ മണക്കല്‍ചാലില്‍ സുബീഷ് സുരേന്ദ്രന്‍ (29), പാലത്തൊടിമീത്തല്‍ ജാഫര്‍ ഹസന്‍ (26) എന്നിവരെ ചേവായുര്‍ എസ്‌ഐ എ. ഷാജഹാന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. ഊട്ടിയിലേക്കു കടന്ന സംഘത്തിലെ ആറാമനു വേണ്ടി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

ചെലവൂര്‍ സ്വദേശിനിയായ 38കാരിയും 18കാരനായ മകനുമാണു സദാചാര പോലീസിന്റെ വിചാരണയ്ക്കും കൈയേറ്റത്തിനും വിധേയരായത്. ഡാന്‍സ് അധ്യാപികയായ ഇവര്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ നൃത്തപരിപാടി കഴിഞ്ഞ് രാത്രി 12ഓടെ മകന്റെ ബൈക്കില്‍ വീട്ടിലേക്കു മടങ്ങവെ, പൊറ്റമ്മല്‍ ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇവരെ നോട്ടമിട്ട ആറംഗ സദാചാര ഗുണ്ടാസംഘം തട്ടുകടയില്‍ വച്ച് അശ്ലീല കമന്റുകള്‍ നടത്തി. പ്രതികരിക്കാന്‍ നില്‍ക്കാതെ അമ്മയും മകനും ബൈക്കില്‍ മെഡിക്കല്‍ കോളജ് റൂട്ടില്‍ വീട്ടിലേക്കു മടങ്ങി.

മൂന്നു ബൈക്കുകളില്‍ പിന്തുടര്‍ന്നുവന്ന സംഘം, രാത്രി 12.30ഓടെ ചേവായൂര്‍ ലെപ്രസി ഹോസ്പിറ്റലിന് അടുത്തുവച്ചു ബൈക്ക് തടഞ്ഞു. കടുത്ത അശ്ലീലഭാഷയില്‍ അമ്മയെയും മകനെയും ചോദ്യംചെയ്ത അക്രമികള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. തടയാന്‍ ശ്രമിച്ച മകനെ നിലത്തേക്കു തള്ളിവീഴ്ത്തി മര്‍ദിച്ചു. അഭിസാരികയെന്ന മട്ടിലാണ് ചോദ്യംചെയ്തത്. ഏതോ വാഹനം വരുന്നതു കണ്ട് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഒരു ബൈക്കിന്റെ നമ്പര്‍ സഹിതം അമ്മയും മകനും തിങ്കളാഴ്ച രാവിലെ ചേവായുര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. നമ്പറില്‍നിന്ന് ഉടമയെ കണ്ടെത്തിയ പോലീസ് വൈകുന്നേരത്തിനുള്ളില്‍ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.