Latest News

മെഡിക്കല്‍, എഞ്ചിനിയറിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്:[www.malabarflash.com] മെഡിക്കല്‍, എഞ്ചിനിയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. വെള്ളരിക്കുണ്ട് കാറളം സ്വദേശി ഷൈജു ചന്ദ്രന്‍ (24), കണ്ണൂര്‍ മാലക്കല്ല് സ്വദേശി സെബിന്‍ തോമസ് (21) എന്നിവരാണ് തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങിയത്. രണ്ടുപേരേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

കേസിലെ മറ്റൊരു പ്രതി നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജേഷ് ചന്ദ്ര(27)നെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പ്രൊഫഷണല്‍ കോളേജുകളില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് കേരളത്തിലെ പല വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. കാഞ്ഞങ്ങാട്ട് ക്യാപിറ്റല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്ഥാപനവും മംഗലാപുരത്ത് മാസ്റ്റര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നീ സ്ഥാപനവും നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണ് മൂന്നുപേരും. 

ക്രൈംബ്രാഞ്ച് സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ അന്വേഷിച്ചുവരികയായിരുന്നു. സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളിലും കര്‍ണാടക സൂറത്ത്കല്ലിലും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ പൊലീസ് വലവിരിച്ചിരിക്കെയാണ് രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. 

മെഡിക്കല്‍, എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സംഘം നടത്തുന്ന സ്ഥാപനങ്ങളുടെ ബ്രോഷറുകള്‍ വീടുകളിലേക്ക് അയച്ചുകൊടുക്കും. എളുപ്പത്തില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നാണ് വാഗ്ദാനം. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയൂര്‍വേദം, ഹോമിയോ, യൂനാനി, ബി.എസ്.സി നഴ്‌സിംഗ്, ബി.ടെക്, ആര്‍കിടെക്ചര്‍, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചറല്‍, ഫുഡ് ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് സീറ്റുകള്‍ ഉറപ്പുനല്‍കിയത്. 

ആദ്യഗഡു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അടക്കാന്‍ നിര്‍ദ്ദേശിക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ സീറ്റ് ശരിയായില്ലെന്ന് പറഞ്ഞ് അതേ അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചയക്കും. അതോടെ രക്ഷിതാക്കള്‍ക്ക് വിശ്വാസമാകും. പിന്നീട് രക്ഷിതാവിനെ ഫോണില്‍ വിളിച്ച് ഒരു സീറ്റ് ഒഴിവുണ്ടെന്നും ഉടന്‍ കോളേജിന് മുന്നിലെത്തണമെന്നും ആവശ്യപ്പെടും. ഓരോ രക്ഷിതാവിനോടും ഓരോ കോളേജിന്റെ പേരായിരിക്കും പറയുക. പണവുമായി രക്ഷിതാവെത്തിയാല്‍ കോളേജിനകത്ത് നിന്ന് സംഘത്തില്‍പെട്ട ഒരാള്‍ ഓടിവന്ന് അകത്ത് വിജിലന്‍സ് റെയ്ഡ് നടക്കുകയാണെന്നും പണം പെട്ടെന്ന് തന്റെ ബാഗിലിട്ടോളു എന്ന് പറയും. പണവുമായി കോളേജിനകത്തേക്ക് പോയി അരമണിക്കൂറിനകം തിരിച്ചുവന്ന് എല്ലാം ശരിയായെന്നും ജോയിന്‍ ചെയ്യാനുള്ള തിയതി കോളേജില്‍ നിന്ന് അറിയിക്കുമെന്ന് വിശ്വസിപ്പിക്കും. കോളേജില്‍ നിന്ന് അറിയിപ്പൊന്നും ലഭിക്കാതെവരുമ്പോള്‍ രക്ഷിതാക്കള്‍ വീണ്ടും ഫോണില്‍ ബന്ധപ്പെടും. അപ്പോഴേക്കും സിം കാര്‍ഡ് നശിപ്പിച്ചിട്ടുണ്ടാവും. 

കേരളത്തില്‍ സമാന രീതിയില്‍ പത്തിലേറെ കേസുകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇവരുടെ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഷൈജു ചന്ദ്രന്റെ അച്ഛന്‍ വെള്ളരിക്കുണ്ടിലെ ചന്ദ്രന്‍, ഒടയംചാല്‍ സ്വദേശി വിജേഷ്, കാസര്‍കോട് സ്വദേശി സുരേന്ദ്രനാഥ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.