Latest News

ഛത്തീസ്ഗഡില്‍ മാവോവാദികളുടെ വെടിയേറ്റ് മലയാളി മരിച്ചു

റായ്പുര്‍:[www.malabarflash.com] ഛത്തീസ്ഗഡില്‍ മാവോവാദികളുടെ വെടിയേറ്റ് മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി ശ്രീകുമാര്‍ നായര്‍ (62) ആണ് മരിച്ചത്.

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവോണ്‍ ജില്ലയില്‍ പല്ലെമാഡി ഗ്രാമത്തിലെ സര്‍ദ എന്ന സ്വകാര്യ ഇരുമ്പ് ഖനയിലേക്ക് മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഖനിയുടെ മാനേജറാണ് കൊല്ലപ്പെട്ട ശ്രീകുമാര്‍ നായര്‍. ആക്രമണത്തിന് ശേഷം മാവോവാദികള്‍ ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി.

സംഘമായി എത്തിയ മാവോവാദികള്‍ ശ്രീകുമാര്‍ ജോലിചെയ്യുന്ന കമ്പനിയിലേക്ക് അതിക്രമിച്ചുകയറി ജനറല്‍മാനേജരെ കാണണമെന്നാവശ്യപ്പെട്ടു. സംഘത്തിന്റെ ലക്ഷ്യം ജനറല്‍മാനേജരായിരുന്നു. എന്നാല്‍ എതാനും മിനിറ്റുകള്‍ക്ക് മുമ്പ് ജനറല്‍മാനേജര്‍ കമ്പനിയില്‍നിന്ന് പുറത്ത് പോയിരുന്നു. അദ്ദേഹം ഇല്ലെന്നറിഞ്ഞപ്പോള്‍ ശ്രീകുമാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.

ഛത്തീസ്ഗഢിലെ പ്രാദേശിക ചാനലില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ സംഭവമറിയുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കമ്പനിയിലേക്ക് അതിക്രമിച്ചുകയറിയത്. പോലീസുകാര്‍ക്കെതിരെയും മറ്റും അക്രമം പതിവാണെങ്കിലും പൊതുജനങ്ങള്‍ക്കും കമ്പനികളിലെ ജീവനക്കാര്‍ക്കുമെതിരെയുള്ള അക്രമം ആദ്യസംഭവമാണെന്ന് റായ്പ്പൂരിലെ മലയാളികള്‍ പറയുന്നു.

പോലീസ് തീവ്രവാദികള്‍ക്കായി അന്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ കനത്ത പോരാട്ടം നടന്നിരുന്നു. ഇതില്‍ മലയാളി സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

തിരുവേഗപ്പുറ ചെമ്പ്ര പേങ്ങാട്ടിരിയില്‍ പരേതരായ രാരുനായരുടെയും കുഞ്ഞുലക്ഷിയമ്മയുടെയും മകനാണ് ശ്രീകുമാര്‍. വര്‍ഷങ്ങളായി റായ്പ്പൂരിലാണ് താമസം. കഴിഞ്ഞ ഒക്ടോബറില്‍ നാട്ടില്‍വന്ന് മടങ്ങിയിരുന്നു. ഭാര്യ മീനാകുമാരി. മക്കള്‍: രോഷിത, രോഹിണി. മരുമക്കള്‍: സന്തോഷ്, സുനില്‍.

സഹോദരങ്ങള്‍: അമല ചന്ദ്രന്‍, ഹരിഹരദാസ്, ഗീത, ഗിരിജ. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ഛത്തീസ്ഗഢില്‍ നടന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.