Latest News

ആയിരത്തിരി ഉത്സവത്തിന്റെ പാലക്കുന്ന് പെരുമ

ആയിരം കാതം നടന്നുംആയിരത്തിരിക്കാണണമെന്നു' ഉത്തരകേരളത്തില്‍ ഒരു ചൊല്ലുണ്ട്. പാലക്കുന്ന് ഭഗവതിക്ഷേത്രവും, ഭരണി ഉത്സവത്തിന് സമാപനം കുറിക്കുന്ന ആയിരത്തിരി ഉത്സവത്തിന്റെ പെരുമയും പഴമക്കാര്‍ തങ്ങളുടെ പിന്‍മുറക്കാര്‍ക്ക് കൈമാറിയ ഈ വാമൊഴിയിലുടെയായിരുന്നു.[www.malabarflash.com]

വടക്കന്‍ കേരളത്തിലെ പതിനായിരകണക്കിനാളുകള്‍ പാലക്കുന്ന് ഭഗവതിയുടെ സന്നിധിയില്‍ ആയിരത്തിരി ഉത്സവം കാണാന്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. വിശ്വാസത്തിന്റെയും മത മൈത്രിയുടെയും ഉത്തമ മാതൃകയായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആയിരത്തിരി ഉത്സവം ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് നടക്കുക.
ഐതീഹ്യം
മൂന്നു കപ്പലുകളിലെത്തിയ പാണ്ഡ്യരാജാവ് തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ചു. ആപത്ത് തിരിച്ചറിഞ്ഞ, ശിവപുത്രിയായ കൊടുങ്ങല്ലുരമ്മ തന്റെ ദുതനെ സംരക്ഷകനായി തൃക്കണ്ണാടേക്ക് നിയോഗിച്ചു. ശ്രീകോവിലില്‍ നിന്നെടുത്ത നെയ്ത്തിരിയാല്‍ ദൂതന്‍ പടകപ്പലുകളെ അഗ്‌നിക്കിരയാക്കി. (തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍പില്‍ പുറംകടലില്‍ ക്കാണുന്നു മുന്നു കരിമ്പാറകള്‍ക്ക് അങ്ങനെ പാണ്ഡ്യന്‍ കല്ലെന്ന് പെരുണ്ടായെന്നു ഐതീഹ്യമുണ്ട്) ശത്രുനാശത്തിനു ദുതനെ അയച്ച മകളെ(കൊടുങ്ങല്ലൂരമ്മയെ)മഹാദേവന്‍ അനുഗ്രഹിച്ചു, തന്റെ വലതു ഭാഗത്തു വാസസ്ഥലംനല്‍കി കുടിയിരുത്തിയത്രെ.. പാലക്കുന്ന് ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട പുരവൃത്തം ഇതാണ്. 


ആയിരത്തിരി ഉത്സവമാണ് പ്രധാനം ദേവിയും ദാരികനും തമ്മിലുള്ള പോരട്ടമാണ് ആയിരത്തിരി ഉത്സവത്തിന്റെ ഐതീഹ്യം. ഇതിനായ് തീര്‍ക്കുന്ന നാഗക്കളവും കളംമായ്ക്കലും വിശേഷപെട്ട ചടങ്ങാണ്.[www.malabarflash.com]

ഉത്സവത്തിന് കൊടി കയറി രണ്ടാം നാള്‍ മുതല്‍ മൂന്നുദിവസം, ക്ഷേത്ര മുറ്റത്ത് അരിപൊടി, കുങ്കുമം, ഉമിക്കരി, കുറുമാണത്തിന്റെ ഇല പൊടിച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ട് ദീപാരാധനക്ക് ശേഷം പ്രത്യേക നാഗക്കളം വരയും. ദാരികാസുരവധമാണ് ഇതില്‍ ചിത്രീകരിക്കുന്നത്. [www.malabarflash.com]

ദേവിയും ദാരികനും തമ്മിലുള്ള ഘോര യുദ്ധത്തില്‍ വധിക്കപ്പെടും എന്ന ഘട്ടത്തില്‍, സര്‍പ്പരൂപം പൂണ്ടു ദാരികന്‍ അപ്രത്യക്ഷനാകുന്നു.. ദേവീ വാഹകനായ വേതാളം ഇത് തിരിച്ചറിഞ്ഞ്. ഒന്നാം ദിവസം ഒരുതലയുള്ള സര്‍പ്പത്തെയും, രണ്ടാം നാള്‍ ഇരുതലയുള്ളതിനെയും മൂന്നാം ദിവസം മൂന്ന്തലയുള്ള സര്‍പ്പത്തിനെയും ദേവിക്ക് കാണിച്ചു കൊടുക്കുന്നത് അനുസ്മരിപ്പിക്കുന്നതാണ് നാഗക്കളവും കളംമായ്ക്കലും കോപിഷ്ഠയായ് ദേവി, മൂന്നാം നാള്‍ ദാരികനെ വധിച്ച്, ആയിരത്തിരിയോട് കൂടി വിജയാഘോഷം നടത്തിയെന്ന പുരാണത്തെ അനുസ്മരിക്കുന്നതാണ് ആയിരത്തിരി ഉത്സവം 

എഴുന്നെള്ളത്തോട് കൂടി കട്ടിചുറ്റിയ (അണിഞ്ഞൊരുങ്ങിയ) മൂത്ത ഭഗവതിയുടെയും, വിഷ്ണു മൂര്ത്തിയുടെയും നര്‍ത്തകര്‍ കളംമായ്ക്കല്‍ (കളംകൈയെല്‍ക്കല്‍) ചടങ്ങ് നടത്തും. മൂന്നാം ദിവസം സന്ധ്യമുതല്‍ പുലര്‍ച്ചെ മൂന്നര വരെ ഇതിന് അവകാശം ചാര്‍ത്തപെട്ട കളക്കാരനും സഹായികളും ചേര്‍ന്ന് കളം വരക്കും. വരക്കാനുപയോഗിച്ച പൊടി വിശേഷപെട്ട പ്രസാദമാണ്. 

മറ്റു ദേവി ക്ഷേത്രങ്ങളില്‍  ഭരണി ഉത്സവം മീന മാസത്തിലെ ഭരണി നക്ഷത്രത്തിലാകും നടത്തുക. എന്നാല്‍ നാളോ തിയ്യതിയോ നോക്കാതെ തൃക്കണ്ണാട് ആറാട്ടിന് കൊടിയിറങ്ങിയ രാത്രിയില്‍ പാലക്കുന്ന് ഭരണി ഉത്സവം കൊടിയേറും. 

ദേവി സങ്കല്‍പ്പമായി ഭരണി നാളില്‍ ജനിച്ച ഋതുമതിയാകാത്ത ബാലിക(ഭരണികുഞ്ഞി)യുടെ സാന്നിധ്യവും എല്ലാ ചടങ്ങുകള്‍ക്കും ഉണ്ടാകും. ഓരോവര്‍ഷവും ഭരണി കുഞ്ഞിയെ കണ്ടെത്തി സ്ഥാനികര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് മുമ്പേ ബാലികയെ ക്ഷേത്രത്തിലേക്ക് കുട്ടികൊണ്ടുവരും
മൂത്ത ഭഗവതിയാണ് പ്രധാന ആരാധമൂര്‍ത്തി. ഇളയഭഗവതി, ദണഡന്‍ ദേവന്‍, കണ്ഡകര്‍ണന്‍ വിഷ്ണുമൂര്‍ത്തി, ഗുളികന്‍എന്നീ ഉപദേവന്മാരും ഉണ്ട്.

തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞു കൊടിയിറങ്ങിയന്നുരാത്രി, അവിടെനിന്നും കൊടിക്കുറ, കമ്പ(കയര്‍),പന്തല്‍, എണ്ണ എന്നിവ എത്തിച്ചു, പാലക്കുന്നില്‍ കൊടിയേറും. 

കൊടിയേറ്റം കണ്ഡ കര്‍ണന്‍ ദേവന്റെ ഉത്സവം ആണ്. അന്ന് ബലി കര്‍മ്മങ്ങള്‍ ഇല്ല. രണ്ടാം ദിവസത്തെ ഭൂതബലി ഉത്സവം ദണ്ഡന്‍ദേവന്റെയും, താലപ്പൊലി ഉത്സവം ഇളയഭ വതിയുടെയും, ആയിരത്തിരി മൂത്തഭഗവതിയുടെയും ഉത്സവമാണ്. ഈ മൂന്നുദിവസങ്ങളിലും ബലികര്‍മ്മങ്ങള്‍ ഉണ്ടാകും. [www.malabarflash.com]

ആയിരത്തിരി ഉത്സവത്തിനു താലപ്പൊലിയും നിര്‍ബ്ബന്ധമാണ്. ആയിരത്തിരി ഉത്സവത്തിന് വിവിധ പ്രാദേശിക സമിതികളുടെ കാഴ്ച വരവും, തൃശൂര്‍ പൂരത്തിനോപ്പം നില്‍ക്കുന്ന വെടിക്കെട്ടും എല്ലാവര്‍ഷവും ഉണ്ടാകും. തൃശൂര്‍ പാറമ്മേക്കാവ് സംഘത്തിന് വെടികെട്ട് ഒരുക്കുന്ന ടീമിന്റെ കരിമരുന്ന ്പ്രയോഗം ഇത്തവണയും ആയിരത്തിരി ഉത്സവനാളിലുണ്ട്.
ക്ഷേത്രത്തിന് കീഴില്‍ ഇരുപത്തി എട്ടു പ്രാദേശികസമിതികളുണ്ട്. പൊതുജനങ്ങളില്‍ നിന്നും പിരിവെടുക്കാതെ ഉത്സവം നടത്തുന്ന അപൂര്‍വ്വം ചില ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ് പാലക്കുന്നു ഭഗവതി ക്ഷേത്രം.
സി ബി എസ് ഇ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ട ്എല്‍പി സ്‌കൂള്‍, വായനശാല, കഴകത്തിന് കിഴീലെ നിര്‍ധനരായരോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങിഒട്ടനവധി ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നു.


ബുധനാഴ്ച നടക്കുന്ന ആയിരത്തിരി ഉത്സവ നാളിലെ പരിപാടികള്‍.
വിശേഷാല്‍ പൂജകളും, ഭജനയും, രാത്രി 9 മണിക്ക് പൂരക്കളി, തുടര്‍ന്ന് 11 മണിക്ക് ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച എത്തും. അമ്മംകുടം, ഇടുക്കിയില്‍ നിന്നുള്ള കാലാകാരന്മാരുടെ നാഗനൃത്തം, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവകാഴ്ച സമര്‍പ്പണ ഘോഷയാത്രയില്‍ അണിനിരക്കും, 

12 മണിയോടെ അരവത്ത് കുതിരക്കോട്മുതിയക്കാല്‍ പ്രദേശ വാസികള്‍ തിരുമുല്‍ കാഴ്ചയായി അഞ്ചു പവനുള്ള മാല ദേവിക്ക് സമര്‍പ്പിക്കും. പുരുഷ വനിത ശിങ്കാരിമേളം, കണ്ണൂര്‍ ബക്കളം വനിതാ ബാന്‍ഡ് സംഘത്തിന്റെ ബാന്‍ഡ് മേളം, കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ നാട്യവേഷങ്ങള്‍, തുടങ്ങിയവ ഇവരുടെ ഘോഷയാത്രയിലുണ്ടാകും തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിന്റെ വെടികെട്ട് അരങ്ങേറും.
പുലര്‍ച്ചെ ഒരുമണിയോടെ പള്ളിക്കര തണ്ണിര്‍പ്പുഴ വാസികളുടെ തുടര്‍ച്ചയായ 58 ാം വര്‍ഷത്തെ കാഴ്ച എത്തും. ഡിജിറ്റില്‍ പ്രഭാവലിയടക്കം വ്യത്യസ്ഥയാര്‍ന്നവ ഈ ഘോഷയാത്രയിലും അണിനിരക്കും.

അരമങ്ങാനം കാഴ്ച രാത്രി ഒന്നരയോടെ ക്ഷേത്ര നടയില്‍ എത്തും. ഘണ്ടാ കര്‍ണ്ണന്‍
ദൈവത്തിനു അണിയിക്കാന്‍ പത്തു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പൂനൂലാണ് അരമങ്ങാനം പ്രദേശവാസികള്‍ സര്‍പ്പിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പൊയ് കുതിരയാട്ടമാണ് ഇവരുടെ പ്രത്യേകത. 

പുലര്‍ച്ചെ രണ്ടര മണിക്ക് ഉത്സവബലിയും നാല് മണിക്ക് ആയിരത്തിരി ഉത്സവവും കഴിഞ്ഞ് രാവിലെ ആറരമണിക്ക് കൊടിയിറങ്ങും.പത്തു മണിയോടെക്ഷേത്രത്തില്‍ നിന്നും ഭണഡാര വീട്ടിലേക്ക് തിരിച്ചെഴുന്നെള്ളത്തോടെ ഉത്സവം സമാപിക്കും. ഓരോകാഴ്ച സമര്‍പ്പണത്തിനു ശേഷവും വെടികെട്ടുണ്ടാകും.
ആയിരത്തിരി ഉത്സവ നാളില്‍ കോട്ടിക്കുളം സ്‌റ്റേഷനില്‍ ദീര്‍ഘ ദൂരഎക്‌സ്പ്രസ് തീവണ്ടികള്‍ നിര്‍ത്തുന്നതാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേക ബസ് സര്‍വീസുകളും ഉണ്ടായിരിക്കും.
-ബാബു പാണത്തൂര്‍






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.