Latest News

സി കെ രമേശന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍

കണ്ണൂര്‍:[www.malabarflash.com] നഗരസഭയുടെ പുതിയ ചെയര്‍മാനായി സി പി എമ്മിലെ സി കെ രമേശനെ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു. 120 വര്‍ഷത്തിലധികം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ അറുപത്തിരണ്ടാമത്തെ ചെയര്‍മാനാണ് സി കെ രമേശന്‍.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ്‌ചെയര്‍മാനുമായിരുന്നു. കോടിയേരി പാറാലില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെയര്‍മാനായിരുന്ന കാരായി ചന്ദ്രശേഖരന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടിവന്നത്.

ഫസല്‍ വധക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത കാരായി ചന്ദ്രശേഖരന് എറണാകുളം ജില്ല വിട്ടുപോവരുതെന്ന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. പിന്നീട് മല്‍സരിച്ച് ജയിച്ച് ചെയര്‍മാനായി അധികാരമേറ്റ ശേഷം ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിമിനാണ് ഇതുവരെ ചെയര്‍മാന്റെ ചുമതല നല്‍കിയിരുന്നത്.

52 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫിന് 35 അംഗങ്ങളുണ്ട്. ലീഗിന് 6, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 2, കോണ്‍ഗ്രസ് 3, ബി ജെ പി 6 എന്നിങ്ങനെയാണ് കക്ഷിനില. 34 വോട്ടുകളാണ് എല്‍ ഡി എഫിന് ലഭിച്ചത്. കാരായി ചന്ദ്രശേഖരന്റെ വോട്ട് അസാധുവായി. യു ഡി എഫിലെ പി പി സാജിത ടീച്ചറും ബി ജെ പിയിലെ അഡ്വ. വി രത്‌നാകരനും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.