Latest News

ഐസ്‌ക്രീം ഫാക്ടറിക്കെതിരെ വ്യാജ പ്രചാരണം; സ്ഥാപനം പ്രതിസന്ധിയില്‍

കാസര്‍കോട്: പൊയിനാച്ചിയിലെ ഷൈന്‍ ഐസ്‌ക്രീം ഫാക്ടറിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വ്യാജ പ്രചാരണം നടത്തി സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ നേതാക്കള്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]

മുപ്പതോളം പേര്‍ക്ക് ഫാക്ടറിയില്‍ നേരിട്ടും 90 ഓളം പേര്‍ക്ക് ഫീല്‍ഡിലും തൊഴില്‍ നല്‍കുന്ന ഷൈന്‍ ഐസ്‌ക്രീം കമ്പനിയെ തകര്‍ക്കാന്‍ വേണ്ടി മാത്രം നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും അവര്‍ പറഞ്ഞു. 

ഭീമമായ തുക ലോണെടുത്ത് വലിയ മുതല്‍മുടക്കില്‍ 2010ല്‍ സ്ഥാപിച്ച ഐസ്‌ക്രീം ഫാക്ടറി ജില്ലയിലും പുറത്തും പേരെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇതിനിടെയാണ് ദുരുദ്ദേശത്തോടെ സ്ഥാപനത്തിനെതിരെ വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണം നടത്തിയത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 11ന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഉടമ പരാതി നല്‍കിയിരുന്നു. 

ഇതില്‍ അന്വേഷണം പുരോഗമിക്കവെ പെരിയയിലെ ഒരു ക്ഷേത്രോത്സവ പരിസരത്ത് വെച്ച് ചില കുട്ടികളെ ഛര്‍ദി അതിസാരത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഐസ്‌ക്രീം കമ്പനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയായിരന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസ്‌ക്രീം കമ്പനിയുടെ പേരില്‍ തിടുക്കത്തില്‍ ചാര്‍ത്തുകയും ഐസ്‌ക്രീം വില്‍പനക്ക് പോയിരുന്ന വാഹനങ്ങള്‍ തടയുകയും ജീവനക്കാരെ അക്രമിക്കാന്‍ മുതിരുകയും ചെയ്തിരുന്നു. 

ഫുഡ് ആന്റ് സേഫ്റ്റി, ചെമനാട് പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോസ്ഥരും കമ്പനിയിലെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാമ്പിളുകള്‍ വാട്ടര്‍ അതോറിറ്റി, കൊച്ചിയിലെ എഫ്.ക്യു ലാബ് എന്നിവിടങ്ങളിലും ഗുണമേന്മ പരിശോധന നടത്തിയിരുന്നു. ഐസ്‌ക്രീം ഉണ്ടാക്കാനായി എടുക്കുന്ന പാല്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് എടുക്കുന്നതാണെന്നും അതുകൊണ്ടുതന്നെ മായം കലരാനുള്ള സാധ്യതയില്ലെന്നും ഉടമ കെ. ശശീന്ദ്രന്‍ പറഞ്ഞു.
ബിസിനസ് സ്ഥാപനമെന്നതിലുപരി സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന സ്ഥാപനമാണിതെന്നും നാല് ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 3 വര്‍ഷത്തോളം നഷ്ടത്തിലായിട്ടും പിടിച്ചുനിന്ന് വിജയം കൈവരിക്കുകയായിരുന്നുവെന്നും ലാഭത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും അനാഥ സംരക്ഷണത്തിനും ചികിത്സാ സഹായത്തിനുമടക്കം നല്‍കിവരുകയായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റാനും 120 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനത്തെ നിലനിര്‍ത്താനും വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ. രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് സി. ബിന്ദു, മുന്‍ ജില്ലാ പ്രസിഡണ്ട് കെ.ടി. സുഭാഷ് നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സെക്രട്ടറി എ. പ്രസന്നചന്ദ്രന്‍, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം മുജീബ് അഹ്മദ്, ഷൈന്‍ ഐസ്‌ക്രീം ഉടമ കെ. ശശീന്ദ്രന്‍, അസി. മാനേജര്‍ സജിന എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.