Latest News

ഉപ്പുവെള്ളം നല്‍കുന്നതിനെതിരെ യുവജനങ്ങളുടെ ഉപ്പുകുറുക്കല്‍

കാസര്‍കോട്:[www.malabarflash.com] ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്നതിനെതിരെ നഗരത്തില്‍ യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉപ്പുകുറുക്കി പുതുമയാര്‍ന്ന പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

മണ്‍കലവും വാട്ടര്‍ അതോറിറ്റി നഗരത്തിലെ വീടുകളില്‍ വിതരണംചെയ്യുന്ന ഉപ്പുവെള്ളവുമായി യുവാക്കള്‍ വെള്ളിയാഴ്ച വൈകിട്ട് പുതിയ ബസ്‌സറ്റാന്‍ഡിലെത്തിയാണ് ഉപ്പുകുറുക്കിയത്.
മൂന്ന് പതിറ്റാണ്ടായി കാസര്‍കോടും പരിസരത്തും ഉപ്പുവെള്ളം വിതരണം ചെയ്യുന്നതിന് ശാശ്വത പരിഹാരം കാണുമെന്ന് എല്ലാതെരഞ്ഞെടുപ്പിലും യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ഥിയും പ്രഖ്യാപിക്കാറുണ്ട്.

നഗരത്തിലേക്കും പരിസര പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് ബാവിക്കരയിലെ പയസ്വിനി പുഴയില്‍നിന്നാണ്. വേനലാകുമ്പോള്‍ പുഴയില്‍ ഉപ്പുവെള്ളം കയറും. എല്ലാ വര്‍ഷവും താല്‍കാലിക തടയണ കെട്ടി ഉപ്പുവെള്ളം തടയാന്‍ ശ്രമിക്കാറുണ്ടെങ്കിലും പ്രയോജനമുണ്ടാകാറില്ല. ഈ വര്‍ഷവും താല്‍കാലിക തടയണ കെട്ടിയെങ്കിലും ഒരാഴ്ചയായി നഗരത്തില്‍ വിതരണം ചെയ്യുന്നത് ഉപ്പുവെള്ളമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബാവിക്കരയില്‍ സ്ഥിരം തടയണ കെട്ടാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ഇതുവരെ പണി പകുതിയായിട്ടില്ല.

കോടിക്കണക്കിന് രൂപ പല കരാറുകാര്‍ക്കും കൊടുത്തതല്ലാതെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം പണി പുനരാരംഭിച്ചെങ്കിലും 2.75 കോടി വാങ്ങിയ കരാറുകാരന്‍ പണി ഉപേക്ഷിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. താല്‍കാലിക തടയണ കെട്ടുന്നതിനും എല്ലാ വര്‍ഷവും 12 ലക്ഷത്തിലധികം രൂപ ചെലവഴിക്കുന്നുണ്ട്. മണല്‍ചാക്ക് ഉപയോഗിച്ച് തടയണ കെട്ടുന്നതില്‍ വലിയ അഴിമതി നടക്കുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് പ്രഖ്യാപിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ ഉപ്പുവെള്ളത്തിന്റെ പ്രശ്‌നം കാസര്‍കോട് ഉണ്ടാകില്ലെന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ജനങ്ങള്‍ കുടിക്കുന്നത് ഉപ്പുവെള്ളമാണ്. സര്‍ക്കാരിന്റെയും ജനപ്രതിനിധിയുടെയും അനാസ്ഥക്കെതിരെ ജനങ്ങളില്‍ അലയടിക്കുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ഡിവൈഎഫ്‌ഐയുടെ ഉപ്പുകുറുക്കല്‍ സമരം.

സമരം ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ്, ഏരിയാകമ്മിറ്റി അംഗം കെ രവീന്ദ്രന്‍, ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗം എന്‍ കെ പ്രണയ, സുഭാഷ് പാടി എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.





Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.