Latest News

കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ഇത്തവണയും നഷ്ടങ്ങളുടെ വിളവെടുപ്പ്

ചെറുവത്തൂര്‍:[www.malabarflash.com] കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ഇത്തവണയും നഷ്ടങ്ങളുടെ വിളവെടുപ്പ്. പാകം എത്തും മുമ്പേ വാപിളര്‍ന്ന് കല്ലുമ്മക്കായകള്‍ നശിക്കുകയാണ്. കേരളത്തിലെ കല്ലുമ്മക്കായ ഉത്പാദനത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍ രണ്ടായിരത്തോളം പേരെയാണ് കൃഷി നാശം നേരിട്ട് ബാധിച്ചിരിക്കുന്നത് .

കല്ലുമ്മക്കായ കര്‍ഷകരെ കടക്കെണിയിലാക്കി ഇത്തവണയും വന്‍ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. കവ്വായിക്കായലിന്റെ പരിസര പഞ്ചായത്തുകളായ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ രണ്ടായിരത്തോളം പേരുടെ കല്ലുമ്മക്കായ കൃഷിയാണ് പാകം എത്തും മുന്‍പേ നശിച്ചില്ലാതായത്.

കൃഷി നാശം വ്യാപകമായതോടെ കാരണം കണ്ടെത്താനായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഉദ്യോഗസ്ഥരെത്തി കായല്‍ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് കൊണ്ടുപോയിട്ടുണ്ട്. അന്തരീക്ഷതാപം, കായല്‍ ജലത്തിലെ സൂക്ഷജീവികളുടെയും കീടനാശിനികളുടെയും സാന്നിധ്യം, ഉയര്‍ന്ന സാന്ദ്രതയിലുള്ള കൃഷി എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇതില്‍ വ്യക്തത കൈവരികയുള്ളൂ.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലും സമാനമായി കൃഷിനാശം സംഭവിചിട്ടുണ്ടെങ്കിലും ഇത്തവണ അതിരൂക്ഷമാണ്. രൂക്ഷമായ ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് കൃഷി നശിച്ചത് കര്‍ഷകര്‍ അറിയുന്നത്.

കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസി എ ജി സി ബഷീര് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ച് കര്‍ഷകരോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.