Latest News

കോടികള്‍ ചിലവിട്ട് ജലവിതരണ പദ്ധതി; ജനങ്ങളില്‍ ആശങ്കയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com]നഗരസഭയിലെ ആറങ്ങാടി വാര്‍ഡില്‍ പെട്ട കൂളിയങ്കാല്‍ മുട്ടുച്ചിറയില്‍ കോടികള്‍ ചിലവിട്ട് ജലവിതരണം പദ്ധതി നടപ്പിലാക്കുന്നു. ഇതാകട്ടെ പരിസരപ്രദേശങ്ങളിലെ ജനങ്ങളില്‍ കനത്ത ആശങ്ക ഉടലെടുക്കാന്‍ കാരണമായി.

201015 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി പദ്ധതിക്കായി 90 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒന്നരക്കോടിയും മാറ്റിവെച്ചു. ഇത്രയും ഭീമമായ തുക ചിലവിട്ട് ഒരു ബൃഹത് പദ്ധതി നടപ്പിലാകുമ്പോള്‍ സമീപപ്രദേശത്തെ പറമ്പുകളിലെ കിണറുകളില്‍ വെള്ളം കുത്തനെ താഴുമെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കകുന്നത്. അതോടൊപ്പം കവ്വായി വയല്‍ പ്രദേശത്തെ കൃഷിയേയും ഇത് ബാധിക്കും.

ജില്ലാ ആശുപത്രിയില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ വേണ്ടിയാണ് പദ്ധതി എന്ന് ജില്ലാ പഞ്ചായത്തും എം.എല്‍.എ യും പറയുന്നു. അതേസമയം പദ്ധതി പൂര്‍ണ്ണമായ തോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ ജില്ലാ ആശുപത്രിക്ക് പുറമെ മറ്റു പല ഭാഗങ്ങളിലേക്കും വെള്ളം കൊടുക്കാനമുള്ള പദ്ധതിയാണ് വാട്ടര്‍അതോറിറ്റി രഹസ്യമായി നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

1200 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പിട്ടാണ് വെള്ളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇതിനായി 7 മീറ്റര്‍ വീതിയില്‍ കിണര്‍ കുഴിക്കാനും നടപടിയായിട്ടുണ്ട്. വെള്ളം ശുചീകരിക്കുന്നതിനാണ് എം.എല്‍.എ ഫണ്ടുപയോഗിക്കുന്നത്. നിലവില്‍ കാരാട്ടുവയലില്‍ ജില്ലാ ആശുപത്രിയിലേക്കാവശ്യമായ വെള്ളം എടുക്കുന്നതിന് കിണര്‍ കുഴിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലാ ജയിലിലും കിണര്‍ ഉണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള വെള്ളം ആശുപത്രിക്ക് മതിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലവില്‍ മുത്തുച്ചിറ പമ്പ് ഹൗസസില്‍ നിന്ന് കാരാട്ടുവയലിലേക്ക് വേനല്‍ക്കാലത്ത് വെള്ളം പമ്പു ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപപ്രദേശങ്ങളിലെ കിണറുകളില്‍ നീരുറവയും കാണപ്പെടുന്നുണ്ട്. പൈപ്പ് വഴിയാകുമ്പോള്‍ അതിനുള്ള സാധ്യത വിരളമാണ് താനും. പരത്തിപ്പുഴയില്‍ നിന്നുള്ള വെള്ളമാണ് കാരാട്ടുവയലിലേക്ക് പമ്പ് ചെയ്യുന്നത്. പുതിയ പദ്ധതിക്കും പരത്തിപ്പുഴയില്‍ നിന്നു തന്നെയാണ് വെള്ളമെടുക്കുന്നത്.

കാരാട്ടുവയലില്‍ കൃഷിയിറക്കാത്തത് കൊണ്ടു തന്നെ വയലിലേക്കുള്ള വെള്ളത്തിന്റെ ആവശ്യം ഇപ്പോഴില്ല. ആശുപത്രിക്ക് വേണ്ടി കാരാട്ടുവയലില്‍ നിര്‍മ്മിച്ച കിണറിലേക്ക് വെള്ളം പമ്പുചെയ്യാന്‍ സൗകര്യമുണ്ട്. പുതിയ പദ്ധതി വന്നാല്‍ കൂളിയങ്കാല്‍, ആറങ്ങാടി, തോയമ്മല്‍, കവ്വായി, ആലയി ഭാഗങ്ങളിലേക്ക് വരെ വെള്ളത്തിന് ക്ഷാമം നേരിടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതുതായി നിര്‍മ്മിക്കുന്ന കിണറില്‍ സ്ഥാപിക്കുന്നതിനായി വാട്ടര്‍അതോറിറ്റി ലക്ഷക്കണക്കിന് രൂപ വിലവരുന്ന പൈപ്പുകള്‍ വാങ്ങി ജില്ലാ ആശുപത്രി പരിസരത്ത് കൂട്ടിയിട്ടിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ഉറപ്പ് ലഭിക്കുന്നതിന് മുമ്പെ ഇത്രയും ഭീമമായ തുകയ്ക്ക് പൈപ്പ് വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് സംശയം ഉയത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൂളിയങ്കാല്‍ എ.യു.പി സ്‌കൂളില്‍ നാട്ടുകാരുടെ യോഗം ചേരുകയുണ്ടായി. മുട്ടുച്ചിറ കവ്വായി പരത്തിപ്പുഴ സംരക്ഷണസമിതി രൂപീകരിച്ചിട്ടുമുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , നഗരസഭാ ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിന് തങ്ങള്‍ തടസമല്ലെന്നും എന്നാല്‍ അതിന്റെ മറവില്‍ മറ്റു ഭാഗങ്ങളിലേക്ക് വേനല്‍ക്കാലത്ത് അടക്കം വെള്ളം കൊണ്ടുപോയാല്‍ അത് തങ്ങളുടെ നാട് കൊടും വരള്‍ച്ചയെ നേരിടേണ്ടി വരുമെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പദ്ധതി നഷ്ടപ്പെടാതെ നോക്കാനും അതേസമയം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിനും നഗരസഭാ ചെയര്‍മാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.