Latest News

പോലീസിനു വാഹനസൗകര്യം നല്‍കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കില്ല: ഹൈക്കോടതി

കൊച്ചി:[www.malabarflash.com] പ്രതികളെ പിടിക്കാന്‍ പോലീസിനു വാഹനസൗകര്യം നല്‍കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി. പ്രതിയെ പിടികൂടുന്നതിനു സ്വകാര്യവാഹനം നല്‍കണമെന്ന സബ് ഇന്‍സ്‌പെക്ടറുടെ ഉത്തരവ് അനുസരിച്ചില്ല എന്നതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ജസ്റ്റീസ് ബി. കെമാല്‍ പാഷ, നിയമവിരുദ്ധമായി കേസ് എടുത്ത സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കി. മാവേലിക്കര സ്വദേശി വി.എം. പുരുഷോത്തമന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

2014 ഓഗസ്റ്റ് 26നു ഹര്‍ജിക്കാരന്‍ സ്വന്തം വാഹനത്തില്‍ വീട്ടിലേക്കു പോകുമ്പോള്‍ കുറത്തിക്കാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന വി.ഡി. ബിജു കൈകാണിച്ചു. ഒരു കേസില്‍ പ്രതിയായ വിജയനെ പിടിക്കാന്‍ ഒരു സ്ഥലം വരെ പോകുന്നതിനു ഹര്‍ജിക്കാരന്റെ വാഹനം എസ്‌ഐ ആവശ്യപ്പെട്ടു. പോലീസിനെ സ്ഥലത്തെത്തിക്കുന്നതല്ല തന്റെ ജോലിയെന്നു പറഞ്ഞ് വിമുക്തഭടനും മുതിര്‍ന്ന പൗരനുമായ ഹര്‍ജിക്കാരന്‍ ഒഴിഞ്ഞുമാറി. പോലീസ് ഭീഷണിപ്പെടുത്തി വണ്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ഹര്‍ജിക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു. പോലീസിന്റെ ജോലി തടസപ്പെടുത്തി, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു വീഴ്ചവരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.

ഹര്‍ജിക്കാരന്‍ പാരാതി നല്‍കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് പുനരന്വേഷണത്തിന് ഉത്തരവു നല്‍കിയിരുന്നു. മാവേലിക്കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പോലീസിന്റെ ആരോപണം വിശ്വസിച്ചാലും ഹര്‍ജിക്കാരന്റെ അവകാശത്തിലുള്ള കടന്നുകയറ്റമാണ് പോലീസിന്റെ നടപടിയെന്നു വ്യക്തമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. പോലീസ് പറയുന്നത് സത്യമാണെങ്കില്‍ പോലും ഹര്‍ജിക്കാര്‍ കുറ്റക്കാരനെന്നു പറയാനാവില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് വാഹനം നല്‍കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ല.

ഹര്‍ജിക്കാരനോടു പോലീസ് വാഹനം ആവശ്യപ്പെടുകയും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വണ്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. എതിര്‍ത്തപ്പോള്‍ ഹര്‍ജിക്കാരനെ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികള്‍ക്ക് പോലീസിന് അധികാരമില്ല. ഇതു ഗൗരവത്തില്‍ എടുക്കേണ്ട പ്രശ്‌നമാണ്. പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാവേലിക്കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്കു നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.