Latest News

യാസീന്റെ സമയോചിതമായ ഇടപെടലില്‍ തിരികെ കിട്ടിയത് ഉമ്മയുടെ ജീവന്‍

ആലപ്പുഴ:[www.malabarflash.com] നിലത്തു കിടക്കുന്ന ഉമ്മയുടെ വായില്‍ നുരയും പതയും വരുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്ന് ഒന്‍പതു വയസ്സുകാരന്‍ മുഹമ്മദ് യാസിന്റെ മനസ്സില്‍ ആരാണു തോന്നിപ്പിച്ചതെന്നറിയില്ല. നിലത്തു വീണു പിടയുന്ന ഉമ്മയെ പിടിക്കാനാഞ്ഞ കുഞ്ഞനുജത്തിയെ വലിച്ചകറ്റി, ഓടിയെത്തി മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം നിലവിളിച്ച് ആളെക്കൂട്ടാന്‍ നിമിഷനേരം കൊണ്ടു യാസിനു കഴിഞ്ഞപ്പോള്‍ തിരികെ കിട്ടിയത് ഉമ്മയുടെ ജീവന്‍.

ആലപ്പുഴ നഗരസഭയിലെ ലജ്‌നത്ത് വാര്‍ഡ് കൗണ്‍സിലര്‍ ലജ്‌നത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സജീന ഫൈസലിനാണു മകന്റെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. അവധിദിനമായിട്ടും ഞായറാഴ്ച രാവിലെ തന്നെ ഭര്‍ത്താവിനൊപ്പം വാര്‍ഡിലെ ഓട നിര്‍മാണത്തിനു നേതൃത്വം നല്‍കാന്‍ പോയ സജീന എട്ടരയോടെ തിരിച്ചെത്തി. ഭര്‍ത്താവ് റോഡിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇന്‍സുലേഷന്‍ പോയ മിക്‌സിയുടെ കേബിളില്‍ പിടിച്ചത്.

സ്വിച്ച് ഓണ്‍ ആയിരുന്നതിനാല്‍ ഉടനെ ഷോക്കേറ്റു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ യാസിനും അനുജത്തി നാലു വയസ്സുകാരി ഫാത്തിമുത്ത് സുഹറയും ഒരു നിമിഷം തരിച്ചുനിന്നുപോയി. ഉമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് ഇരുവര്‍ക്കും മനസ്സിലായെങ്കിലും എന്തു ചെയ്യണമെന്നറിയില്ല. മിക്‌സിയുടെ കേബിള്‍ കൈയില്‍ ചുറ്റിക്കിടക്കുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്നു യാസിന്‍  മനസ്സിലായി. ഷോക്കേല്‍ക്കുമെന്നറിയാതെ ഉമ്മയെ പിടിക്കാനാഞ്ഞ അനുജത്തിയെ യാസന്‍ പിടിച്ചു മാറ്റി. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനോടിയെങ്കിലും സ്വിച്ച് ബോര്‍ഡ് ഉയരത്തിലായതിനാല്‍ കൈയെത്തിയില്ല. അടുത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു.

ഉമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണരാത്തതുകൊണ്ടു റോഡിലേക്കിറങ്ങിയ യാസിന്‍ ഉറക്കെ നിലവിളിച്ച് ആളെക്കൂട്ടി. നാട്ടുകാരെത്തി പ്രഥമശുശ്രൂഷ നല്‍കി ജനറല്‍ ആശുപത്രിയിലെത്തിച്ചു. തലയിലും കൈയിലും കാലിലും പരുക്കേറ്റെങ്കിലും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.
(കടപ്പാട്: മനോരമ)






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.