Latest News

സിന്ധു സൂര്യകുമാറിനെ അവഹേളിച്ചവര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീരോചിത വരവേല്‍പ്പ്‌

തിരുവനന്തപുരം:[www.malabarflash.com] ചാനല്‍ ചര്‍ച്ചയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ചവര്‍ക്ക് തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീരോചിത സ്വീകരണം. മാലയിട്ടും ആര്‍പ്പുവിളികളോടെയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തു സ്വീകരണം ഒരുക്കിയത്.

സംഭവത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പങ്കില്ലെന്നാണു ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞിരുന്നത്. മാധ്യമ പ്രവര്‍ത്തകയെ അവഹേളിച്ച സംഭവം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേന്ദ്രനും പറഞ്ഞിരുന്നു.
എന്നാല്‍, ബുധനാഴ്ച തിരുവനന്തപുരത്തെ പൊലീസ് സ്‌റ്റേഷനുമുന്നില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികള്‍ക്കു സ്വീകരണം നല്‍കുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു ജാമ്യം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയും ജാമ്യം ലഭിച്ചപ്പോള്‍ ഹാരാര്‍പ്പണത്തോടെ സ്വീകരിക്കുകയുമായിരുന്നു ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍.
ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും പങ്കില്ലെന്നു പറഞ്ഞ നേതാക്കള്‍ക്ക് ഇനി എന്തു പറയാനുണ്ടെന്നാണു സൈബര്‍ ലോകം ചോദിക്കുന്നത്. മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ചതിനു കൂട്ടുനില്‍ക്കുന്നില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും പറഞ്ഞ നേതാക്കള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് എന്തുനിലപാടിന്റെ പേരിലാണെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.