Latest News

ബൈക്കില്‍ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയില്‍ കുഴിച്ചുമൂടി വീനു പാലിവാല്‍ യാത്രയായി

ജയ്പൂര്‍:[www.malabarflash.com] ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാല്‍ എന്ന നാല്‍പത്തിനാലുകാരിക്ക്. ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന വീനു പാലിവാലിന്റെ ജീവന്‍ എടുത്തതും അതേ ഹാര്‍ലി ഡേവിസണ്‍ ഉണ്ടാക്കിയ അപകടമായിരുന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് രാജ്യത്തെ പ്രമുഖ ബൈക്ക് സഞ്ചാരിയായ വീനു കൊല്ലപ്പെട്ടത്.

ബൈക്കില്‍ രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങാനുള്ള ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വീനുവിന്റെ മടക്കം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ഗ്യാരസ്പൂരില്‍ വച്ച് ബൈക്ക് റോഡില്‍ തെന്നി വീണുണ്ടായ അപകടമാണ് വീനുവിന്റെ ജീവന്‍ എടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ലഖ്‌നൗവില്‍ നിന്നു ഭോപ്പാലിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മറ്റൊരു ബൈക്കില്‍ സുഹൃത്തും വീനുവിനെ പിന്തുടരുന്നുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം ചുറ്റി സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യപ്രദേശില്‍ എത്തിയത്. ബൈക്ക് യാത്രയ്ക്കുള്ള സുരക്ഷാഉപകരണങ്ങള്‍ എല്ലാം തന്നെ വീനു ധരിച്ചിട്ടുണ്ടായിരുന്നു.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ച് ശീലമുള്ള വീനുവിന് എങ്ങനെ അപകടം സംഭവിച്ചു എന്നത് അവരെ അറിയുന്നവരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
രാജ്യം മുഴുവന്‍ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ച് ഖ്യാതി നേടിയിട്ടുള്ള വനിതയാണ് വീനു. മോട്ടോര്‍ സൈക്കിള്‍ യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വീനുവിനെ മരണം അപകടരൂപത്തില്‍ തട്ടിയെടുത്തത്. അപകടം നടന്നയുടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കോളേജ് പഠന കാലത്ത് സുഹൃത്തുക്കളില്‍ നിന്നാണ് ബൈക്ക് ഓടിക്കാന്‍ വീനു പഠിക്കുന്നത്. എന്നാല്‍ സ്വന്തമായി ബൈക്കിലില്ലാത്തതിനാല്‍ അതു തുടരാന്‍ വീനുവിനായില്ല. പിന്നീട് ഉടന്‍ തന്നെ വിവാഹം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവും ബൈക്ക് ഓടിക്കാന്‍ വീനുവിനെ സമ്മതിച്ചിരുന്നില്ല. എന്നാല്‍ വിവാഹമോചിതയായ വീനു കഴിഞ്ഞ വര്‍ഷമാണ് ബൈക്കുകളുമായി തന്റെ രണ്ടാം വരവ് നടത്തുന്നത്. ജയ്പൂര്‍ സ്വദേശിനിയായ വീനുവിന് രണ്ടു കുട്ടികളുണ്ട്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.