
കോട്ടയം:[www.malabarflash.com] ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ നില അതീവ ഗുരുതരമായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടില്‍ കടുത്ത നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണു കഴിഞ്ഞദിവസം കലശലായ പനിയും ശ്വാസതടസവുമുണ്ടായത്. അണുബാധ കടുത്തതിനെത്തുടര്‍ന്ന് അമ്പിളി ഫാത്തിമയെ കോട്ടയം അടിച്ചിറയിലെ കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രക്തത്തിലും ആന്തരാവയവങ്ങളിലും ഗുരുതരമായ അണുബാധയാണ് അമ്പിളി ഫാത്തിമയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്പിളി ഫാത്തിമയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പത്തുമാസം മുമ്പു ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പത്തുമാസം ചെന്നൈയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞമാസമാണ് അമ്പിളി ഫാത്തിമയെ കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുവന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം ചെന്നൈയില്‍ കഴിയുമ്പോഴും കടുത്ത അണുബാധയുണ്ടായിരുന്നു. തുടര്‍ന്ന് അപ്പോളോയില്‍തന്നെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. വീണ്ടും അണുബാധയുണ്ടായെങ്കിലും വീര്യമേറിയ മരുന്നുകളിലൂടെ നിയന്ത്രിക്കുകയായിരുന്നു. അതിനുശേഷമാണ് കോട്ടയത്തെ വീട്ടിലേക്കു വന്നത്. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു അമ്പിളി കോട്ടയത്തെ വീട്ടില്‍ കഴിഞ്ഞിരുന്നത്. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ: ജോണ്‍ ജോസഫ്, ഡോ:രജേഷ് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധസംഘമാണ് പരിശേധനനടത്തുന്നത്. ചെന്നൈയില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയശേഷമാണു കാരിത്താസിലെ ചികിത്സ നടക്കുന്നതെന്ന് അമ്പിളി ഫാത്തിമയുടെ പിതാവ് ബഷീര്‍ ഹസന്‍ പറഞ്ഞു.
കോട്ടയം സിഎംഎസ് കോളജില്‍ എം കോമിനു പഠിക്കുമ്പോഴാണ് അമ്പിളി ഫാത്തിമയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. എംജി സര്‍വകലാശാലയുടെയും നടി മഞ്ജു വാര്യരുടെയും സഹായത്തോടെയായിരുന്നു ചികിത്സ. അമ്പിളിയെക്കാണാന്‍ മഞ്ജു ചെന്നെയിലുമെത്തിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയാറെടുത്തുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യനില വീണ്ടും താളംതെറ്റിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment