Latest News

എഴുത്തുകാരന്‍ ആര്‍. മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com]എഴുത്തുകാരനും അധ്യാപകനും ചിത്രകാരനുമായ ആര്‍. മാധവന്‍ (86) അന്തരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. നെല്ലിക്കാട്ടെ 'പത്മരാഗ'യിലായിരുന്നു താമസം. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയാണ്.

1959 മുതല്‍ ദുര്‍ഗ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന ആര്‍. മാധവന്‍ 1953 മുതല്‍ ആനുകാലികങ്ങളില്‍ ചിത്രഗുപ്ത എന്ന തൂലികാനാമത്തില്‍ കവിതകള്‍ എഴുതിയിരുന്നു. അപ്പന്‍ തമ്പുരാന്‍, ഹൈദരലി, ബഹാവുള്ള എന്നീ ലഘുജീവചരിത്ര ഗ്രന്ഥങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചു. ഷേക്‌സ്പിയറുടെ ടെമ്പസ്റ്റ് വിവര്‍ത്തനം ചെയ്ത് മാന്ത്രികക്കാറ്റ് എന്ന പേരില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചു.

കുമാരനാശാന്റെ വീണപൂവ് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഹിന്ദിയിലും നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. അക്ഷരവ്യാപാരി, മുത്ത്, പെരുച്ചാഴികള്‍ എന്നിവ കവിതാ സമാഹാരങ്ങളാണ്. 'അലയാഴി' എന്ന നോവല്‍  സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 'ശോണ സന്ധ്യ' എന്ന നാടകം അദ്ദേഹത്തിന്റെ രചനയാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ പ്രബന്ധ, പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. 

കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. പുതിയ കാവ് സംസ്‌കൃത വിദ്യാലയത്തില്‍ പഠിക്കവേ മഹായുദ്ധ കെടുതിയിലും വറുതിയിലും പഠനം മുടങ്ങി. ചെറിയഴിക്കല്‍ പത്മനാഭന്റെ കീഴില്‍ സൗജന്യമായി ചാരുകലയും ഫോട്ടോഗ്രാഫിയും അഭ്യസിച്ചു.
കൊട്ടാരക്കര വിലങ്ങര സ്വദേശിനിയും ദുര്‍ഗാഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ട. ഹിന്ദി അധ്യാപികയുമായ എന്‍. വിലാസിനിയാണ് ഭാര്യ.
മക്കള്‍: അരുണ്‍, രജനി, ബീന, റൂബി. മരുമക്കള്‍: ദീപകല, സതീഷ് കുമാര്‍, രവീന്ദ്രന്‍ കൊടക്കാട്, ദീപ പ്രകാശ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.