Latest News

അരയിയിലെ മങ്കമാര്‍ കൈകൊട്ടി പാടി; നാടിന്റെ ഐശ്വര്യം കാക്കാന്‍

കാഞ്ഞങ്ങാട്:[www.malabarflash.com]'മണ്ണിനെയും മനുഷ്യനെയും എന്നുമെന്നും പോഷിപ്പിക്കും മണ്ണിന്റെ പോഷണം കൂട്ടും പയറു വര്‍ഗം കൃഷി ചെയ്യാം,
ആരോഗ്യത്തെ സംരക്ഷിക്കും അന്നജം പ്രദാനം ചെയ്യും പയറു വിള സംരക്ഷിക്കാന്‍ അന്താരാഷ്ട്ര പയറു വര്‍ഷം.

അലക്കിത്തേച്ച ഇണമുണ്ടുടുത്ത് നെറ്റിയില്‍ ചന്ദനക്കുറി തൊട്ട്, ദശപുഷ്പം ചൂടി വാലിട്ട് കണ്ണെഴുതിയ അരയിയിലെ മങ്കമാര്‍ കൈകൊട്ടി പാടിയത് ഹൃദ്യവും രമണീയവുമായ അനുഭവമായി. അന്താരാഷ്ട്ര പയറു വര്‍ഷത്തില്‍ ഭക്തി നിര്‍ഭരവും വര്‍ണാഭവുമായ തിരുവാതിരയെ നാടിന്റെ ഐശ്വര്യത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു ഇവര്‍. നടുവില്‍ നിലവിളക്ക് കത്തിച്ച് പറയില്‍ മുതിരയും ചെറുപയറും സോയാബീനും ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം പയര്‍ വിത്തുകള്‍ നിറച്ചാണ് വനിതകള്‍ നൃത്തം ചവിട്ടിയത്.

കേരളത്തിലെ പ്രകൃതിയുടെയും കാലാവസ്ഥയുടെയും സമ്മാനമായ തിരുവാതിരയെ സംസ്ഥാനത്തു തന്നെ ഇതാദ്യമായി അരങ്ങിലെത്തിക്കുകയായിരുന്നു അരയി ഗവ.യു.പി.സ്‌കൂള്‍. സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ വേദിയിലാണ് അധ്യാപികമാരും അമ്മമാരും പൂര്‍വ വിദ്യാര്‍ഥികളുമടങ്ങുന്ന വനിതകള്‍ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സ് നേരുന്നതിനു പകരം നാടിന്റെ സര്‍വ്വൈശ്വര്യത്തിനു വേണ്ടി തിരുവാതിര കളിച്ചത്. അര്‍ധരാത്രിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി അരങ്ങേറിയ ലാസ്യഭാവ സമന്വയം കുട്ടികളും മുത്തശ്ശിമാരും അടങ്ങുന്ന സദസ്സിന് മറക്കാനാവാത്ത അനുഭവമായി.

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, ലത അരയി, ശോഭന കൊഴുമ്മല്‍, നമിത നാരായണന്‍, കെ.പി.പ്രമോദ്, കെ.വി.സൈജു എന്നിവരാണ് അണിയറയില്‍.
വാര്‍ഷികോത്സവം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍.സുലൈഖ ഉദ്ഘാടനം ചെയ്തു.

സര്‍വീസില്‍ നിന്നും വിരമിച്ച വി.വിജയകുമാരി ടീച്ചര്‍ക്ക് വൈസ് ചെയര്‍ പേഴ്‌സണ്‍ ഉപഹാരം നല്‍കി. ഡോ. പി.കെ.ജയരാജ് മുഖ്യ ഭാഷണം നടത്തി. ടി.എം.സദാനന്ദന്‍, എ.സതീഷ് കുമാര്‍,സി.കെ.വത്സലന്‍,വി.ജഗദീശന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.അമ്പാടി, പി.പി.രാജു, കെ.കെ.വത്സലന്‍, ശോഭന കൊഴുമ്മല്‍ ടി.ഖാലിദ്, എസ്.സി.റഹ്മത്ത്, ടി.ശോഭ, കെ.വി.സൈജു.സ്‌കൂള്‍ ലീഡര്‍ വി.അഭിന്‍ വി.വിജയകുമാരി പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.