Latest News

ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി അമ്പിളി ഫാത്തിമ യാത്രയായി

കോട്ടയം:[www.malabarflash.com] പ്രാര്‍ഥനകള്‍ക്കും ചികില്‍സയ്ക്കും ഫലമുണ്ടായില്ല. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) മരിച്ചു.

മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ കാരിത്താസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് കാരണം.

ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളി ഫാത്തിമ ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടില്‍ കടുത്ത നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കഴിഞ്ഞദിവസം കലശലായ പനിയും ശ്വാസതടസവുമുണ്ടായതിനെത്തുടര്‍ന്നു കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രക്തത്തിലും ആന്തരാവയവങ്ങളിലും ഗുരുതരമായ അണുബാധയാണ് അമ്പിളി ഫാത്തിമയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്പിളി ഫാത്തിമയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയിരുന്നു.

അണുബാധയില്‍ ഞായറാഴ്ച എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.

പത്തുമാസം മുമ്പു ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പത്തുമാസം ചെന്നൈയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞമാസമാണ് അമ്പിളി ഫാത്തിമയെ കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുവന്നത്.

ശസ്ത്രക്രിയയ്ക്കു ശേഷം ചെന്നൈയില്‍ കഴിയുമ്പോഴും കടുത്ത അണുബാധയുണ്ടായിരുന്നു. തുടര്‍ന്ന് അപ്പോളോയില്‍തന്നെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. വീണ്ടും അണുബാധയുണ്ടായെങ്കിലും വീര്യമേറിയ മരുന്നുകളിലൂടെ നിയന്ത്രിക്കുകയായിരുന്നു. അതിനുശേഷമാണ് കോട്ടയത്തെ വീട്ടിലേക്കു വന്നത്. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു അമ്പിളി കോട്ടയത്തെ വീട്ടില്‍ കഴിഞ്ഞിരുന്നത്. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ: ജോണ്‍ ജോസഫ്, ഡോ:രജേഷ് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധസംഘമാണ് പരിശേധനനടത്തുന്നത്. ചെന്നൈയില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയശേഷമായിരുന്നു കാരിത്താസിലെ ചികിത്സ.

കോട്ടയം സിഎംഎസ് കോളജില്‍ എം കോമിനു പഠിക്കുമ്പോഴാണ് അമ്പിളി ഫാത്തിമയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. എംജി സര്‍വകലാശാലയുടെയും നടി മഞ്ജു വാര്യരുടെയും സഹായത്തോടെയായിരുന്നു ചികിത്സ. അമ്പിളിയെക്കാണാന്‍ മഞ്ജു ചെന്നെയിലുമെത്തിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയാറെടുത്തുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യനില വീണ്ടും താളംതെറ്റിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.