Latest News

കൈക്കുഞ്ഞുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം ജ്വല്ലറിയില്‍നിന്ന് 55 പവന്‍ കവര്‍ന്നു

പാലക്കാട്:[www.malabarflash.com] കൈക്കുഞ്ഞുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം നഗരമധ്യത്തിലെ ജ്വല്ലറിയില്‍നിന്നു പകല്‍ 55 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെട്ടു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ സംഘമാണു ബുധനാഴ്ച രാവിലെ 10.30നു ജിബി റോഡിലുള്ള തുളസി ജ്വല്ലറിയില്‍ നിന്നു വിദഗ്ധമായി ആഭരണങ്ങള്‍ മോഷ്ടിച്ചത്. ആഭരണപ്പെട്ടിയുമായി സംഘം കടന്നുകളയുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിവരം ലഭിച്ചതോടെ പോലീസ് ജില്ലയിലുടനീളം പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പരിശോധന മറ്റു ജില്ലകളിലേയ്ക്കും സംസ്ഥാനത്തിനു പുറത്തേയ്ക്കും വ്യാപിപ്പിച്ചു.

മൂന്നു സ്ത്രീകളും 16 വയസു തോന്നിക്കുന്ന പെണ്‍കുട്ടിയും ഇതേ പ്രായത്തിലുള്ള ആണ്‍കുട്ടിയുമാണു സംഘത്തിലുള്ളത്. പ്രായമായ സ്ത്രീയുടെ കൈയിലായിരുന്നു കുഞ്ഞ്. ഹിന്ദിയാണ് സംസാരിച്ചിരുന്നത്. രാവിലെ ജ്വല്ലറി തുറന്ന് ആഭരണങ്ങള്‍ വയ്ക്കുമ്പോഴാണ് സംഘമെത്തിയത്. ജ്വല്ലറി ഉടമസ്ഥന്‍ ബാലകൃഷ്ണന്റെ മകന്‍ തുളസീദാസും ജീവനക്കാരായ ഭാസ്‌കരന്‍, കൃഷ്ണന്‍ എന്നിവരുമാണ് ഈ സമയത്തുണ്ടായിരുന്നത്. ലോക്കറ്റ് വാങ്ങാനെന്ന വ്യാജേന സംഘം മൂന്നുപേരെയും ഒരേ ഭാഗത്തേയ്ക്കു വിളിച്ച് ആഭരണങ്ങള്‍ മാറി മാറി എടുപ്പിച്ചു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി പിന്‍വശത്തുകൂടി കുനിഞ്ഞുനീങ്ങി ആഭരണം അടങ്ങിയ പെട്ടി കൈക്കലാക്കി. പെട്ടി രഹസ്യമായി ആണ്‍കുട്ടിക്കു കൈമാറുന്നതും അത് ഒളിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. ഉടനടി പുറത്തുകടന്ന സംഘം മിനിറ്റുകള്‍ക്കകം സ്ഥലം വിട്ടു.

ഇവര്‍ പോയി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ആഭരണപ്പെട്ടി നഷ്ടപ്പെട്ട വിവരം ജ്വല്ലറിയിലുള്ളവര്‍ അറിയുന്നത്. ഉടനടി നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ച് ജില്ലയൊട്ടാകെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണസംഘം സമീപത്തെ ജ്വല്ലറിയിലും കയറിയിരുന്നെങ്കിലും ഇവിടെ രാവിലെ ആഭരണങ്ങള്‍ വയ്ക്കുന്നതു തുടങ്ങാത്തതിനാല്‍ മോഷണം നടത്താതെ മടങ്ങിയെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചത് അന്വേഷണത്തിനു സഹായകരമാകുമെന്ന വിശ്വാസത്തിലാണു പോലീസ്. ഡിവൈഎസ്പിമാരായ എം.എല്‍.സുനില്‍, എം.കെ.സുള്‍ഫിക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി. നോര്‍ത്ത് സിഐ കെ.ആര്‍.ബിജു. എസ്.ഐ പി.സി.മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിനു 12 ലക്ഷം രൂപ വിലവരുമെന്നു പോലീസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.