Latest News

മാങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

ഉദുമ[www.malabarflash.com]: മാങ്ങാട്‌ മേല്‍ബാര കോളനിയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വീട്ടിനകത്തു സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. പെയിന്റിംഗ്‌ തൊഴിലാളിയായിരുന്ന ചന്ദ്രന്‍ (40) ആണ്‌ മരണപ്പെട്ടത്‌.

ചന്ദ്രന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതേ കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറിക്കൊണ്ട്‌ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ ഉത്തരവായത്‌. കഴിഞ്ഞ മാസം അഞ്ചിനു രാത്രിയാണ്‌ ചന്ദ്രന്‍ മരണപ്പെട്ടത്‌. പിറ്റേന്നു രാവിലെ വീട്ടിലെത്തിയ ഏതാനും പേരാണ്‌ ചന്ദ്രനെ വീട്ടിനകത്തു അബോധാവസ്ഥയില്‍ കണ്ടത്‌.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്‌. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌. അതേ സമയം മരണപ്പെടുന്നതിനു മുമ്പ്‌ ചന്ദ്രന്റെ ഗുഹ്യഭാഗത്തു ക്ഷതമേറ്റിരുന്നതായും കണ്ടെത്തി. എന്നാല്‍ ലോക്കല്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ മരണകാരണത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അതേ സമയം തലേനാള്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിനു പോയചന്ദ്രന്‍ വീട്ടിലേയ്‌ക്കു മടങ്ങുന്നതിനിടയില്‍ ആടിയം പാലത്തിനു സമീപത്തു വച്ച്‌ അക്രമത്തിനു ഇരയായിരുന്നതായി പറയുന്നു. ഇതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ചന്ദ്രന്റെ മരണം ക്രൈംബ്രാഞ്ചിനു വിടണമെന്നു ആവശ്യപ്പെട്ട്‌ ജനകീയ ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാങ്ങാട്‌ ടൗണില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ്‌ അഡ്വ.ടി.വി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹിം മാങ്ങാട്‌ ആധ്യക്ഷം വഹിച്ചു. ഷിബു, കടവങ്ങാനം, കബീര്‍, എം.കെ. വിജയന്‍, സുകുമാരന്‍, സിന്ധുരാമചന്ദ്രന്‍, മോഹനന്‍ മാങ്ങാട്‌, ശ്യാമള സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.