Latest News

ഹല്‍വയുമായി അബൂബക്കര്‍ അമ്പത് വര്‍ഷം പിന്നിട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] ഉറൂസായാലും ഉത്സവങ്ങളായാലും ഹല്‍വാ വ്യാപാരി മാണിക്കോത്തെ കോട്ടക്കുളത്തെ അബൂബക്കര്‍ എന്ന അൗക്കര്‍ച്ചാക്ക് ഒരു ലഹരിയാണ്. ഇരുപത് വയസ്സില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞിട്ടും ഒരു തപസ്യ പോലെ തുടരുകയാണ് അബൂബക്കറിന്റെ ഹല്‍വാ വ്യപാരം.

പ്രസിദ്ധമായ മഡിയന്‍ കൂലോം പാട്ടുത്സവത്തോടനുബന്ധിച്ചാണ് 1952 ല്‍ ഷെഡ് കെട്ടിയുള്ള ഹല്‍വാ വ്യാപാരത്തിന് തുടക്കം കുറിച്ചത്. പിന്നീട് മാണിക്കോത്ത് ഉറൂസ്, ചിത്താരി ചാമുണ്ഡിക്കുന്ന് ക്ഷേത്രം ബേക്കലം പൂച്ചക്കാട് അതിഞ്ഞാല്‍ പുതിയകോട്ട തുടങ്ങിയ പ്രദേശത്തെ ഉറൂസ് സ്ഥലങ്ങളിലേക്കും ഹല്‍വാ കച്ചവടം വ്യാപിക്കുകയുണ്ടായി. ഒരു കിലോ ഹല്‍വയുടെ അന്നത്തെ വില 7 രൂപയായിരുന്നുവെന്ന് അബൂബക്കര്‍ ഓര്‍ക്കുന്നു.

ഹല്‍വ കൂടാതെ ഉത്സവ മിഠായി, ജിലേബി, പഞ്ചസാരക്കട്ട, ലഡു തുടങ്ങിയ പലഹാരങ്ങള്‍ക്കും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഉറൂസ് ഉത്സവ സ്ഥലങ്ങളില്‍ എത്തി തിരിച്ച് പോകുന്നവരുടെ കൈയ്യില്‍ ഹല്‍വയും മിഠായിയുമടങ്ങിയ ഒരു പൊതി കാണാമായിരുന്നു. ഉത്സവത്തിന് പോയ ഒരു അടയാളമായാണ് അവയെ അന്ന് അവഗണിച്ചിരുന്നത്. കോഴിക്കോട് നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് ഹല്‍വയും മറ്റും എത്തിയിരുന്നത്.

കോഴിക്കോടന്‍ ഹല്‍വ വളരെ പ്രസിദ്ധമാണെങ്കിലും പലരും കോഴിക്കോടന്‍ ഹല്‍വ എന്ന് പറഞ്ഞ് വില്‍പ്പന നടത്തുന്നത് കാഞ്ഞങ്ങാട് നിന്ന് പോലും ഉണ്ടാക്കിയെടുക്കുന്ന ഹല്‍വയാണെന്ന് അബൂബക്കര്‍ കുറ്റപ്പെടുത്തുന്നു. ചെറുപ്പം മുതലേ കൃഷിയിലും മറ്റു തൊഴിലുകളിലും ഭാഗ്യം പരീക്ഷിച്ചെങ്കിലും ഹല്‍വാ വ്യാപാരമാണ് തന്റെ കര്‍മ്മ മേഖല എന്ന തിരിച്ചറിവ് അബൂബക്കറിനെ ഉത്സവ ഉറൂസ്സ് പറമ്പുകളുടെ ലോകത്തെത്തിച്ചു.

ഇന്ന് മക്കളും പേരമക്കളുമടങ്ങുന്ന സാമ്പത്തിക ഭദ്രതയുള്ള അബൂബക്കറിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി ഹല്‍വ കച്ചവടത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സമ പ്രായക്കാരായ സുഹൃത്തുക്കളും ബന്ധുക്കളും പരിഹാരങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞാലും അക്ഷേഭ്യനായി ചെറിയ ഒരു ചിരി ഉതിര്‍ത്തു കൊണ്ട് അദ്ദേഹം പറയുകയും ആരോഗ്യമുള്ളിടത്തോളം കാലം ഹല്‍വ കച്ചവടം തുടരാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്.

അബൂബക്കറോടൊന്നിച്ച് ആദ്യകാലത്ത് ഹല്‍വ കച്ചവടം നടത്തിയിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ശേഷിക്കുന്നവരാകട്ടെ ഈ രംഗത്ത് നിന്നും മാറി മറ്റു പല കച്ചവടവുമായി കഴിയുന്നു. പ്രായാധിക്യമുണ്ടെങ്കിലും ചിട്ടയായ ജീവിത രീതിയും ആഹാര രീതിയും പതിവാക്കുന്നതിനാല്‍ പ്രായം കൊണ്ടുള്ള യാതൊരു ക്ഷീണവും ബുദ്ധിമുട്ടും ഉറൂസ്സ് ഉത്സവ സ്ഥലങ്ങളില്‍ അര്‍ദ്ധരാത്രി വരെ ഹല്‍വ കച്ചവടത്തില്‍ മുഴുകുന്ന അദ്ദേഹത്തിനില്ല.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.