Latest News

ജില്ലാ പരിസ്ഥിതി സമിതി ചെങ്കല്‍കുന്ന് സംരക്ഷണ സന്ദേശയാത്ര നടത്തി

കാഞ്ഞങ്ങാട്:[www.malabarflash.com] കാസര്‍കോട് ജില്ലയില്‍ പരക്കെയും, മടിക്കൈ, പുല്ലൂര്‍പെരിയ പഞ്ചായത്തുകളില്‍ വ്യാപകമായും വര്‍ഷങ്ങളായി നടന്നുവരുന്ന കുന്നിടിക്കലും മേല്‍മണ്ണ് ഖനനവും മൂലം ജലസ്രോതസ്സുകള്‍ നാശോന്‍മുഖമായിരിക്കുകയാണ്. വേനല്‍ക്കാലത്തും നന്നായി വെള്ളമൊഴുകിയിരുന്ന തോടുകള്‍ പലതും വറ്റി, ഭൂഗര്‍ഭ ജലവിതാനം ആശങ്കാജനകാംവിധം താഴുകയും, കര്‍ഷകര്‍ വെള്ളം കിട്ടാത്തതിനാല്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. വര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ച് വരികയും മരുവല്‍ക്കരണം ദ്രുതഗതിയിലാവുകയും ചെയ്തിരിക്കുകയാണ്. ആഗോളതാപനം കാലാവസ്ഥാ വ്യതിയാനവും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

കേരളത്തിന്റെ ഭൂപ്രകൃതിയും മണ്ണും സസ്യജന്തു വൈവിധ്യവും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് സഹ്യപര്‍വ്വത നിരകളും വനങ്ങളും കുന്നുകളും മലകളും താഴ്വരകളും തണ്ണീര്‍ത്തടങ്ങളൊക്ക ഉണ്ടായിട്ടും ചൂടു വര്‍ദ്ധിക്കുകയും കാലാവസ്ഥ മാറി മറിയുന്നതിനും കാരണമെന്താണ്? ഇതിന് ഉത്തരവാദികള്‍ നാം തന്നെയല്ലേ?

ഇടനാടന്‍ ചെങ്കല്‍കുന്നുകളും, ചെങ്കല്‍പ്പരപ്പുകളും സവിശേഷമായ ആവാസവ്യവസ്ഥയാണ്. സവിശേഷങ്ങളും അപൂര്‍വ്വങ്ങളുമായ സസ്യവിതാനമുള്ള ഇവയില്‍ മഴക്കാലത്ത് ധാരാളം വെള്ളം ശേഖരിക്കപ്പെടുന്നു. ചെങ്കല്‍പ്പാറകളുടെ സുഷിരമയമായ സവിശേഷ ഘടനയാണിതിന് കാരണം. കുന്നുകളില്‍ ശേഖരിക്കപ്പെടുന്ന ജലം കുടിവെള്ളമായി കിണറുകളിലും നീരുറവകളിലും ലഭ്യമാകുന്നു. ജില്ലയിലെ ചെറിയ പുഴകളെല്ലാം ചെങ്കല്‍കുന്നുകളില്‍ നിന്നാണെന്നത് ഇവയുടെ ജലസംഭരണശേഷിയുടെ തെളിവാണ്.

ഭൂമിയുടെ ഉപരിതലത്തില്‍ മേല്‍മണ്ണിനാണ് ഫലഭൂയിഷ്ടത മുഴുവന്‍. ഇവയെ ആധാരമാക്കിയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മേല്‍മണ്ണ് രൂപം കൊള്ളുന്നത്. ഇതാണ് നമ്മള്‍ ഇടിച്ച് ലോറികളില്‍ കയറ്റി വിടുന്നത്. മേല്‍മണ്ണ് നഷ്ടപ്പെട്ട ചുവന്ന മണ്ണും, കളിമണ്ണിന്റെ അംശം കൂടിയ മണ്ണും മഴക്കാലത്ത് കുത്തിയൊലിച്ച് ജലാശയങ്ങളെ ചുവപ്പിക്കുന്നു. കുന്നിടിച്ച മണ്ണ് നെല്‍വയലുകളും ചതുപ്പുകളും താഴ്ന്ന പ്രദേശങ്ങളും നികത്താനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് മൂലം പ്രകൃതിയിലെ ജലസംരക്ഷണ വ്യവസ്ഥകളെല്ലാം തകിടം മറിയുന്നു. നമ്മെ തുറിച്ച് നോക്കുന്നത് കടുത്ത വരള്‍ച്ചയും മരുവല്‍ക്കരണവുമാണ്. നമ്മള്‍ തന്നെ സൃഷ്ടിച്ച കെടുതി. എളുപ്പം പണമുണ്ടാക്കാന്‍ വേണ്ടി നമ്മുടെ നാട്ടുകാരായ സഹോദരന്‍മാര്‍ തന്നെയാണ് നമ്മുടെയും വരുംതലമുറയുടെയും അന്നവും വെള്ളവും ശുദ്ധവായുവും ഇല്ലാതാക്കുന്നത്. ഈ പകല്‍ക്കൊള്ള ഇനിയും അനുവദിക്കണോ? എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഇവയെനിയമത്തിനു മുന്നില്‍കൊണ്ടുവരുന്നതിനുവേണ്ടി കാസര്‍ഗോട് ജില്ല പരിസ്ഥിതിസമിതി ചെങ്കല്‍കുന്ന്‌സംരക്ഷണസന്ദേശയാത്ര നടത്തി.

യാത്ര കോട്ടപ്പാറയില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ:എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.മുരളിമാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ മേരി കാരിത്താസ് സംസാരിച്ചു. പരിസ്ഥിതി സമിതി ജില്ലാസെക്രട്ടറി എന്‍.മുരളിമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.കൃഷ്ണന്‍പുല്ലുര്‍ യാത്രയ്ക് നേതൃത്വം നല്കി അമ്പലത്തറ, മീങ്ങോത്ത്,തടത്തില്‍,ഉദയനഗര്‍,എടമുണ്ട,പൊള്ളക്കട എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക്‌ശേഷം യാത്ര പുല്ലൂര്‍ ടൌണില്‍ സമാപിച്ചു.

സമാപനയോഗം പരിസ്ഥിതിസമിതി ജില്ലാപ്രസിഡന്റ് അഡ്വ:ടി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തമ്പാന്‍ വാഴുന്നോറടി സ്വാഗതം പറഞ്ഞു. യാത്രാ പ്രധാനകേന്ദ്രങ്ങളില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍,എന്‍.അമ്പാടി, ശോഭന പെരിയ,ടി.ശോഭന, കെ.സൂരജ്,പ്രേമചന്ദ്രന്‍ ചോമ്പാല,കണ്ണന്‍ ആനപ്പെട്ടി,യു.വി. അഖില്‍,രാമകൃഷ്ണന്‍ വാണിയമ്പാറ എന്നിവര്‍ സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.