Latest News

ആറര കോടിയുടെ തട്ടിപ്പ്: ദമ്പതികള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍:[www.malabarflash.com] സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പേരില്‍ പലരില്‍നിന്നു പണവും സ്വര്‍ണവും ഉള്‍പ്പെടെ ആറര കോടിയോളം തട്ടിയെടുത്ത കേസിലെ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് താനത്തുപറമ്പില്‍ ഹസീന(43), ഭര്‍ത്താവ് താനത്തുപറമ്പില്‍ ഹാരീസ്(40) എന്നിവരെയാണു കൊടുങ്ങല്ലൂര്‍ സിഐ സി.ബി. ടോമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നടയില്‍ പണമിടപാടുസ്ഥാപനത്തില്‍ ജോലിയിലിരിക്കെ മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍ പദവി ഉപയോഗിച്ച് അധികപലിശ തരാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. നാലര കോടി രൂപയും കിലോക്കണക്കിനു സ്വര്‍ണവുമാണ് ഇവര്‍ 25ഓളം പേരില്‍നിന്നായി തട്ടിയെടുത്തത്.

കുവൈറ്റില്‍ താമസിക്കുന്ന പുല്ലൂറ്റ് സ്വദേശി കൊങ്ങാട്ട് രതിയുടെ 1,38,00,000 രൂപയും നൈസി എന്ന വീട്ടമ്മയുടെ പക്കല്‍നിന്നു മകളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 400 പവനും കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്റെ കൈയില്‍നിന്നും 225 പവനും ഇവര്‍ തട്ടിയെടുത്തതിലെ വന്‍തുകകളാണ്.

2013 ജൂലൈ മുതല്‍ 2015 മേയ് വരെയുള്ള കാലയളവിലാണ് ഇവര്‍ പണം തട്ടിയെടുത്തത്. 25 പവന്‍ നിക്ഷേപിച്ചതിനു മാസം തോറും ഒരു പവന്‍ സ്വര്‍ണനാണയം പലിശയിനത്തില്‍ നല്‍കിയിരുന്നു. ആദ്യമൊക്കെ ജോലിചെയ്തിരുന്ന പണമിടപാട് സ്ഥാപനത്തിന്റെ ഡെപ്പോസിറ്റ് എടുപ്പിക്കുകയും നിക്ഷേപകരില്‍ വിശ്വാസം നേടുകയും ചെയ്തശേഷം നിക്ഷേപകരുടെ വീട്ടില്‍ പോയി പണം വാങ്ങിയാണ് തട്ടിപ്പു നടത്തിയത്. മിക്കവര്‍ക്കും ഒരു പാസ്ബുക്കിന്റെ പേജില്‍ എഴുതിക്കൊടുക്കുകയായിരുന്നു.

2015 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ക്കെതിരേ കൊങ്ങാട് രതി, ഇ-മെയില്‍ വഴി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പരാതികള്‍ നല്‍കുകയായിരുന്നു. ഇവരെ അന്വേഷിച്ച് പോലീസ് വിവിധ ഇടങ്ങളില്‍ ചെന്നിരുന്നെങ്കിലും ഇവര്‍ മുങ്ങി. മൈസൂര്‍, കര്‍ണാടക, കുടക്, തിരുപ്പതി, പഴനി എന്നിവിടങ്ങളിലും പെരുമ്പാവൂരിലും താമസിച്ചുവരുന്നതിനിടെ ഇന്നലെ ഹസീനയുടെ സഹോദരന്‍ ഫിറോസിന്റെ പെരിങ്ങോട്ടുകരയിലെ വീട്ടില്‍ എത്തുമെന്നതറിഞ്ഞ് പോലീസ് ഒരുമണിയോടെ എത്തി പിടികൂടുകയായിരുന്നു.ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നു തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

പോലീസിന്റെ ചോദ്യംചെയ്യലില്‍ പണവും ആഭരണങ്ങളും കണെ്ടത്താനായിട്ടില്ല. എന്നാല്‍, സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചിട്ടുള്ള 1100 പവന്‍ സ്വര്‍ണം പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

ഇവരുടെ പേരില്‍ ചെന്ത്രാപ്പിന്നിയിലുള്ള 50 സെന്റ് സ്ഥലവും ആറര സെന്ററില്‍ പണിതുയര്‍ത്തിയിട്ടുള്ള ഇരുനില മാളികയും പോലീസ് കണ്ടുകെട്ടി. കൂടാതെ ഹാരീസിന്റെ പേരില്‍ കൊടുങ്ങല്ലൂരിലുള്ള ആറ് ബ്യൂട്ടി പാര്‍ലറുകളും കണ്ടുകെട്ടിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സിഐ സിബി ടോം, എസ്‌ഐ രാജഗോപാല്‍, എഎസ്‌ഐ ജിജോ, സീനിയര്‍ സിപിഒമാരായ കെ.എ.ഹബീബ്, കെ.എ.മുഹമ്മദ് അഷ്‌റഫ്, എം.കെ.ഗോപി, ഷിബു മുരുകേശ്, സിപിഒ സഫീര്‍, വനിത സിപിഒ സാജിത എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.