Latest News

രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ:[www.malabarflash.com] പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴയാറില്‍ മുങ്ങി മരിച്ചു. മണ്ണത്തൂര്‍ കൊച്ചിന്‍ എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ പറവൂര്‍ മന്നം ചേത്തിയപ്പിള്ളി (കണിയാടി വീട്ടില്‍) പരേതനായ സി.വി.ചന്ദ്രസേനന്റെ മകന്‍ സി.സി.സിജിന്‍കുമാര്‍ (22), നായരമ്പലം വേലിയത്ത് സന്തോഷിന്റെ മകന്‍ റിഷി(20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ആക്വിന്‍ (22) രക്ഷപ്പെട്ടു. സരോജിനിയാണ് സിജിന്റെ അമ്മ. സഹോദരി. ബിജി മോള്‍. റിഷിയുടെ അമ്മ രേണുക. സഹോദരി: വര്‍ഷ.

ചൊവ്വാഴ്ച ഉച്ചയോടെ മണ്ണത്തൂര്‍ കവലയ്ക്കു സമീപം പാറക്കടവിലാണ് അപകടം. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിനു സമീപമാണ് പാറക്കടവ്. കോളജില്‍ സമരമായതിനാല്‍ നേരത്തെ എത്തിയ മൂവരും കുളിക്കാനിറങ്ങി. നീന്തുന്നതിനിടെ സിജിന്‍കുമാറും റിഷിയും ചുഴിയില്‍ കുടുങ്ങി. അപകടം തിരിച്ചറിഞ്ഞ ആക്വിന്‍ തിരിച്ചുകയറി ബഹളം വച്ചു നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല.

പിന്നീട് അഗ്‌നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ ആരംഭിച്ചു. ആദ്യം സിജിന്‍ കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് റിഷിയുടെ മൃതദേഹം കിട്ടിയത്. 20 അടിയോളം താഴ്ചയില്‍ പുഴയിലെ ചുഴിയാണ് അപകടത്തിനു കാരണമായതെന്നാണ് അഗ്‌നിശമനസേനയുടെ നിഗമനം. മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു കൈമാറും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.