Latest News

സ്വര്‍ണക്കടത്ത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു

കൊച്ചി[www.malabarflash.com]: കൊച്ചി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു. കേന്ദ്ര സാമ്പത്തിക കാര്യ രഹസ്യാന്വേഷണ വിഭാഗ (സി.ഇ.ഐ.ബി.) മാണ് സ്വത്ത് കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി പ്രതികള്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ വിവരം സി.ഇ.ഐ.ബി. ശേഖരിച്ചിട്ടുണ്ട്.

കേസിലെ മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പി.എ. നൗഷാദിന്റെ സ്വത്തുവിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചിട്ടുള്ളത്. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സി.ഇ.ഐ.ബി. നടപടികള്‍ തുടങ്ങിയിരിക്കുന്നത്.

നടപടികളുടെ ഭാഗമായി പ്രതികളുടെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രതികള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു.

മുഖ്യ പ്രതിയായ നൗഷാദ് മൂന്നാറിലെ പള്ളിവാസലില്‍ ആഡംബര ഹോട്ടല്‍ നിര്‍മിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയായ ഇമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ജാബിന്‍ കെ. ബഷീറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടികള്‍ തുടങ്ങി. ഇമിഗ്രേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജാബിനായിരുന്നു വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിരുന്നത്. ജോലിസമയം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശുചിമുറിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് പുറത്ത് കടത്തി നൗഷാദിന് കൈമാറിയത് ജാബിനായിരുന്നു. മൂന്ന് വര്‍ഷത്തോളം പ്രതികള്‍ ഈ രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
നൗഷാദിനൊപ്പം സഹോദരന്‍ പി.എ. ഫൈസല്‍, എം.എം. സലിം, കെ.ബി. ഫാസില്‍, യാസിര്‍ മുഹമ്മദ്, എം.എസ്. സൈഫുദ്ദീന്‍, ഷാബിന്‍ കെ. ബഷീര്‍, ബിബിന്‍ സക്കറിയ, ഷിനോയ് മോഹന്‍ദാസ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവരെയെല്ലാം കള്ളക്കടത്ത് നിരോധന നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പ്രതികളുടെ ബിനാമി നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചനകള്‍. മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും മറ്റും പ്രതികള്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ കൂടി കണ്ടെത്തിയാല്‍ മാത്രമേ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ എന്നും കസ്റ്റംസ് പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഇവരെല്ലാം പിടിയിലാകുന്നത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ കരാര്‍ കമ്പനി ജീവനക്കാരായിരുന്നു പിടിയിലായവരില്‍ ഏറെപ്പേരും. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളക്കടത്ത് നടന്നിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.