Latest News

താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ അക്രമം

താനൂര്‍:[www.malabarflash.com] താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരേ നടുറോഡില്‍ അക്രമം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മുന്നൂറോളം ലീഗ് പ്രവര്‍ത്തകര്‍ കമ്പിയും കല്ലും വടികളുമായി അക്രമം നടത്തുകയായിരുന്നുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. വാഹനത്തിന്റെ ചില്ല് തെറിച്ച് അബ്ദുറഹ്മാന്റെ മുഖത്ത് പരിക്കേറ്റു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവം. എല്‍ഡിഎഫ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയുടെ പ്രചാരണാര്‍ഥം നടന്ന തെരുവുനാടകം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. താനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ പ്രചാരണവാഹനം നാടകം നടക്കുന്നതിന്റെ സമീപത്തിട്ട് ശബ്ദമുണ്ടാക്കി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പലതവണ നാടകം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ പ്രസംഗവും ആരംഭിച്ചു. നാടകത്തിനു തടസമുണ്ടാക്കരുതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ലീഗുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് നേരിയ സംഘര്‍ഷാവസ്ഥയുമുണ്ടായി.

നാടകം നിര്‍ത്തിവച്ച ശേഷം 'മുഖാമുഖം' മാത്രമായി നടത്തി. തുടര്‍ന്ന് മൂന്നു കാറിലായി സ്ഥാനാര്‍ഥിയും എല്‍ഡിഎഫ് പ്രവര്‍ത്തകരും മടങ്ങവെയാണ് അക്രമമുണ്ടായത്. മുന്നൂറോളം വരുന്നവര്‍ വാഹനങ്ങള്‍ തടഞ്ഞ് കല്ലും വടികളുമായി ആക്രമിച്ചു. താനൂര്‍ നഗരസഭാ കൌണ്‍സിലറായ എം പി അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്നന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായി. 25ഓളം പേര്‍ക്ക് പരിക്കേറ്റു. എം പി ഹംസക്കോയ, കെ പി ഉദൈഫ് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നു കാറുകളും പൂര്‍ണമായി തകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങി രക്ഷപെടാന്‍ സ്ഥാനാര്‍ഥിയും മറ്റു പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിലേറെ പ്രദേശത്ത് പ്രവര്‍ത്തകര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചു. അഞ്ഞൂറോളം പേര്‍ 'മുഖാമുഖ'ത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വൈകിയെത്തിയ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ വിരട്ടിയത്.

സ്വതന്ത്രമായി സ്ഥാനാര്‍ഥി പര്യടനം പോലും നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനും എല്‍ഡിഎഫ് നേതാക്കളും താനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി വൈകിയും തീരദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന പ്രദേശത്ത് ശക്തമായ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.