Latest News

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം:[www.malabarflash.com] പുതുകേരളത്തിന് നാന്ദികുറിക്കാനുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പത്രിക പുറത്തിറക്കിയത്.

വേണം നമുക്ക് ഒരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളതാണ് പ്രകടനപത്രിക. 35 ഇന കര്‍മ്മ പദ്ധതികളും 600 നിര്‍ദ്ദേശങ്ങളും അടങ്ങിയ പത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. മദ്യനിരോധനമല്ല മദ്യഉപഭോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. കേരളത്തില്‍ ബാറുകള്‍ പൂട്ടിയിട്ടില്ല എന്നതാണ് തങ്ങളുടെ അവകാശവാദം. നിലവില്‍ ബാറുകളിലൂടെ ബിയര്‍ വൈനുകള്‍ വിതരണം ചെയ്യുകയാണ്. മദ്യ യഥേഷ്ടം ഒഴുക്കി മദ്യ നിരോധനം അവകാശപെടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇത് കാപട്യമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയതാണ് പ്രകടന പത്രിക. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും, വ്യവസായ രംഗത്ത് തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങിയ സുപ്രധാനമായ നടപടികള്‍ ഉള്‍പെട്ടതാണ് പ്രകടനപത്രിക.

വര്‍ഷം തോറും 1000 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 2 ലക്ഷം വീതം നല്‍കും. ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. മാവേലി സ്റ്റോര്‍, സപ്ളൈകോ ഔട്ട്ലെറ്റുകള്‍, നീതി സ്റ്റോര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും.

ഇതിനുശേഷം വരുന്ന അഞ്ചുവര്‍ഷക്കാലത്തേക്ക് ഈ ‘ഭക്ഷ്യസാധനങ്ങള്‍ക്കു വില വര്‍ധനയുണ്ടാകില്ല. പരിസ്ഥിതിയും കാര്‍ഷികമേഖലയും സംരക്ഷിക്കാനുള്ള പദ്ധതികളും പ്രകടനപത്രികയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും.

നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ പ്രെെമറി ഹെല്‍ത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വന്‍കിട ബാങ്ക് പദ്ധതി രൂപീകരിക്കും. 60 വയസ് തികഞ്ഞ അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ തുകകള്‍ 1000 രൂപയായി ഉയര്‍ത്തും തുടങ്ങിയ സുപ്രധാനമായ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

പ്രകടന പത്രികയിലെ മറ്റ് പ്രധാന നിര്‍ദ്ദേങ്ങള്‍ :

എല്ലാ താലൂക്ക് ആശുപത്രികളിലും അര്‍ബുദ പരിശോധനയും ഹൃദയ ശസ്ത്രക്രിയ സംവിധാനവും ഏര്‍പെടുത്തും

നോക്കൂകൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും

പ്രധാന ഭാഷ മലയാളം ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ ഏകജാലക സംവിധാനം വഴി

അഴിമതി നിര്‍മ്മാര്‍ജനം, രണ്ടാം ഭരണ പരിഷ്ക്കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.

വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും

ഐടി പാര്‍ക്കുകളുടെ വിസ്തൃതി വര്‍ധിപ്പിക്കും

പ്രകൃതി വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കും

ഇലക്ട്രോണിക്ക്സ് ഹാര്‍ഡ്വെയര്‍ രംഗത്ത് കേരളത്തെ മൊബിലിറ്റി ഹബ്ബാക്കും

ദേശീയ പാത നാലുവരിയാക്കും, എല്ലാ ബൈപ്പാസുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കും.

റബര്‍മരങ്ങളെ മൂന്ന് വര്‍ഷത്തേക്ക് ഉത്പന്ന നികുതിയില്‍ നിന്ന് ഒഴിവാക്കും

ജലസുരക്ഷയ്ക്കായി ബൃഹദ് ക്യാമ്പയിന്‍ സംഘടിപ്പിക്കും

പരമ്പരാഗത വ്യവസായ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കും





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.